X

പത്ത് ടീമുകള്‍, രണ്ട് ഗ്രൂപ്പ് ; ഐപിഎല്‍ പുതിയ ഫോര്‍മാറ്റിലേക്ക്

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് സൂചന. ടീമുകളുടെ എണ്ണം പത്തിലേക്ക് എത്തുകയും, രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങള്‍ നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ലീഗ് ഘട്ടത്തില്‍ 14 മത്സരങ്ങളാണ് ഒരു ടീം കളിക്കുക. ഇതില്‍ ആദ്യ നാലില്‍ വരുന്ന ടീമുകള്‍ പ്ലേഓഫിലേക്ക് കടക്കും. എന്നാല്‍ ടീമുകളുടെ എണ്ണം പത്താവുന്നതോടെ ഒരു ടീം 18 ലീഗ് മത്സരങ്ങള്‍ കളിക്കേണ്ട അവസ്ഥ വരും. ഇത് ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം കൂട്ടും.

ഇതിന് പരിഹാരം തേടി 2011ലെ ഫോര്‍മാറ്റ് തിരികെ കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്. 10 ടീമുകളെ അഞ്ച് ടീമുകള്‍ ഉള്‍പ്പെട്ട രണ്ട് ഗ്രൂപ്പായി തിരിക്കും. ഇവിടെ ഒരു ടീം ലീഗ് ഘട്ടത്തില്‍ 14 മത്സരങ്ങള്‍ കളിക്കണം. സ്വന്തം ഗ്രൂപ്പിലെ ടീമുകള്‍ക്കെതിരെ രണ്ട് വട്ടം കളിക്കും.

റാന്‍ഡം ഡ്രോയിലൂടെ ആയിരിക്കും ഗ്രൂപ്പുകളിലേക്ക് ടീമുകളെ ഇടുക. ഈ ഫോര്‍മാറ്റ് സങ്കീര്‍ണമാണ് എങ്കിലും സമയം ലാഭിക്കാന്‍ ബിസിസിഐയെ തുണയ്ക്കും. ഐപിഎല്‍ 13ാം സീസണ്‍ അവസാനിച്ചതിന് പിന്നാലെ പുതിയൊരു ടീം കൂടി ഐപിഎല്ലിലേക്ക് എത്തിയേക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. അഹമ്മദാബാദ് ആസ്ഥാനമായിട്ടായിരിക്കും ഈ ടീം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ഐപിഎല്ലിലേക്ക് എത്തുമെന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍. 24ന് ചേരുന്ന ബിസിസിഐ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവും.

 

Test User: