X

ഐ.പി.എല്‍: രണ്ടാം ക്വാളിഫയറില്‍ ഇന്ന് മുംബൈയും ഗുജറാത്തും

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ ഉറ്റമിത്രങ്ങളാണ് ഹാര്‍ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും. ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സിനായി ഒരുമിച്ച് കളിച്ചവര്‍. ദേശീയ ടീമിലും ഒപ്പം നീങ്ങിയവര്‍. പക്ഷേ ഇന്ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇവര്‍ ചിരിക്കുക ടോസ് വേളയില്‍ മാത്രമായിരിക്കും. കളി ആരംഭിച്ചാല്‍ വിജയത്തിനായി അന്ത്യം വരെ പോരാടുന്നവരായി മാറാന്‍ ഒരു കാരണം മാത്രം-ഇന്ന് തോറ്റാല്‍ പടിക്ക് പുറത്താണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ രണ്ടാം എലിമിനേറ്റര്‍ ഇന്നാണ്.

ഞായറാഴ്ച്ച ഇതേ വേദിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഫൈനലില്‍ പങ്കെടുക്കുക ഇന്നത്തെ വിജയികളാവും. പോയ സീസണില്‍ കരീടം സ്വന്തമാക്കിയവരാണ് ഗുജറാത്ത്. ഈ സീസണിലും കരുത്തോടെ കളിച്ചവര്‍. പത്ത് ടീമുകള്‍ മല്‍സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സ്ഥാനം നിലനിര്‍ത്തിയവര്‍. പക്ഷേ ആദ്യ ക്വാളിഫയറിലെ തോല്‍വിയോടെ ഇന്ന് ജിവന്മരണ മൈതാനത്താണ് ഹാര്‍ദിക്കിന്റെ സംഘം. മികച്ച താരങ്ങളുടെ സാന്നിദ്ധ്യത്തിലും ചെപ്പോക്കില്‍ എന്താണ് ടീമിന് സംഭവിച്ചതെന്ന് വ്യക്തമല്ല. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കാര്‍ വലിയ സ്‌ക്കോര്‍ സ്വന്തമാക്കിയിരുന്നില്ല.

പക്ഷേ ആ സ്‌ക്കേര്‍ പിന്തുതരന്‍ കഴിയാതെ ഹാര്‍ദിക്കും സംഘവും പതറിയതാണ് ഇന്ന് മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്നത്. സീസണിന്റെ തുടക്കത്തില്‍ നിരാശപ്പെടുത്തിയവരാണ് രോഹിത് സംഘം. പക്ഷേ അനുയോജ്യ സമയത്ത് അവസരോചിതമായി അവര്‍ കരുത്തരായി മാറുന്നു. രോഹിത് ഇത് വരെ സ്വതസിദ്ധമായ സിക്‌സറുകളിലേക്ക് വന്നിട്ടില്ല. പക്ഷേ കാമറുണ്‍ വൈറ്റ് തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ കരുത്ത് പ്രകടിപ്പിച്ചു. ബാറ്റിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും ഓസ്‌ട്രേലിയക്കാരന്റെ മികവാണ് ലക്‌നൗക്കെതിരെ മുംബൈക്ക് കരുത്തായത്. ബാറ്റിംഗില്‍ ഇഷാന്‍ കിഷനും സുര്യകുമാര്‍ യാദവും ഫോമിലാണ്. പക്ഷേ ഹാര്‍ദിക് സംഘത്തിലും കരുത്തരായ ബാറ്റര്‍മാരുണ്ട്. ഡേവിഡ് മില്ലര്‍, ശുഭ്മാന്‍ ഗില്‍, റാഷിദ് ഖാന്‍ എന്നിവരെല്ലാം ഗംഭീരമായി കളിക്കുമ്പോള്‍ സ്വന്തം വേദിയില്‍ കളിക്കാനിറങ്ങുന്നു എന്ന ആനുകുല്യവും അവര്‍ക്കുണ്ട്. ബൗളിംഗില്‍ മുഹമ്മദ് ഷമിയും റാഷിദും ഗുജറാത്തിന് കരുത്താവുമ്പോള്‍ അഞ്ച് റണ്‍ മാത്രം നല്‍കി അഞ്ച് വിക്കറ്റ് സ്വന്തമാക്കി മിന്നിയ ആകാശ് മധ്‌വാല്‍ എന്ന യുവ സീമര്‍ മുംബൈയുടെ പ്രതീക്ഷയാണ്. ജോഫ്രെ ആര്‍ച്ചറെ പോലുള്ളവര്‍ ടീം വിട്ടതിനെ തുടര്‍ന്ന് മികച്ച ബൗളറുടെ അഭാവം മുംബൈയെ അലട്ടിയിരുന്നു. മല്‍സരം 7-30 മുതല്‍.

webdesk11: