X

ഐ.പി.എല്‍ മിനി താരലേലം ഇന്ന് കൊച്ചിയില്‍

കൊച്ചി: അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താരങ്ങളുടെ മിനി ലേലം ഇന്ന് കൊച്ചിയില്‍ നടക്കും. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന മെഗാലേലത്തിന് അനുബന്ധമായാണ് മിനി ലേലം അരങ്ങേറുന്നത്. ഉച്ചക്ക് 2.30നാണ് ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ലേല നടപടികള്‍ തുടങ്ങുക.

ഹ്യൂ എഡ്മീഡ്‌സ് ആണ് ലേലത്തിന് നേതൃത്വം നല്‍കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. പത്ത് ടീമുകളിലായി ശേഷിക്കുന്ന 87 സ്ഥാനങ്ങള്‍ക്കായി 405 ക്രിക്കറ്റ് താരങ്ങളാണ് ലേലത്തിനുള്ളത്. ബെന്‍ സ്‌റ്റോക്‌സ്, സാം കറന്‍, കാമറൂണ്‍ ഗ്രീന്‍, ഹാരി ബ്രൂക്ക്, റീലി റൂസോ, നിക്കോളാസ് പൂരാന്‍ എന്നിവരുള്‍പ്പെടെ 132 വിദേശ താരങ്ങളാണ് ലേലപട്ടികയിലുള്ളത്. മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ എന്നിവരുള്‍പ്പെടെ 273 ഇന്ത്യന്‍ താരങ്ങളും ലേലത്തിനുണ്ട്.

ഇന്ത്യന്‍ താരങ്ങളില്‍ 10 മലയാളി താരങ്ങളുമുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, കെ.എം ആസിഫ്, എസ് മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അബ്ദുല്‍ ബാസിത് എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍. 2008ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷമുള്ള പതിനാറാം ലേലമാണിത്. ആദ്യമായാണ് കൊച്ചി മെഗാ ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഈ വര്‍ഷത്തെ മെഗാലേലം കൊച്ചിയില്‍ നടത്താന്‍ നേരത്തെ ബിസിസിഐ പദ്ധതി ഇട്ടിരുന്നെങ്കിലും ഹോട്ടല്‍ ലഭ്യത സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ലേലത്തിന് മുമ്പ്, 163 കളിക്കാരെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തി.

85 താരങ്ങളെയാണ് നിലവിലുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത്. ലക്‌നൗ, രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകള്‍ക്ക് നാലു വീതം വിദേശ താരങ്ങളെ സ്വന്തമാക്കാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ് ലേലത്തില്‍ കൂടുതല്‍ തുക ചെലവഴിക്കാനാവുക. 42.25 കോടി രൂപയാണ് ടീമിന് അവശേഷിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും (7.05 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരിനുമാണ് (8.75 കോടി) കുറഞ്ഞ തുക അവശേഷിക്കുന്നത്. സണ്‍റൈസേഴ്‌സില്‍ 13 താരങ്ങളുടെ ഒഴിവുണ്ട്. മറ്റു ടീമുകളിലെ ഒഴിവുകള്‍ ഇങ്ങനെ: ചെന്നൈ 7, ഡല്‍ഹി 5, ഗുജറാത്ത് 7, കൊല്‍ക്കത്ത 11, ലഖ്‌നൗ 10, മുംബൈ, പഞ്ചാബ്, രാജസ്ഥാന്‍ 9 വീതം, ബെംഗളൂരു 7.

 

webdesk11: