അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 192 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. അവസാന പന്തുകളില്‍ ആഞ്ഞടിച്ച പാണ്ഡ്യയും പൊള്ളാര്‍ഡും ചേര്‍ന്ന് മുംബൈ സ്‌കോര്‍ 190 കടത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍ വരും മുന്‍പേ മുംബൈയ്ക്ക് ഒന്നാം വിക്കറ്റ് നഷ്ടപ്പെട്ടു. അഞ്ചു പന്തുകള്‍ നേരിട്ട ക്വിന്റന്‍ ഡി കോക്ക് ഷെല്‍ഡന്‍ കോട്രലിന്റെ പന്തില്‍ ബൗള്‍ഡായി. അധികം വൈകാതെ സൂര്യകുമാര്‍ യാദവിനെയും മുംബൈയ്ക്കു നഷ്ടമായി. പിന്നാലെയെത്തിയ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും പതിഞ്ഞ താളത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 7.4 ഓവറില്‍ മുംബൈ സ്‌കോര്‍ 50 പിന്നിട്ടു.
സൂക്ഷിച്ചു കളിച്ച മുംബൈയുടെ അടുത്ത വിക്കറ്റ് വീഴുന്നത് 83ാം റണ്‍സില്‍ നില്‍ക്കെയാണ്. 32 പന്തുകള്‍ നേരിട്ട ഇഷാന്‍ കിഷന്‍ 28 റണ്‍സെടുത്തു പുറത്തായി. കൃഷ്ണപ്പ ഗൗതമിന്റെ പന്തില്‍ കരുണ്‍ നായര്‍ ക്യാച്ചെടുത്താണ് ഇഷാന്റെ മടക്കം. 40 പന്തുകളില്‍ നിന്ന് രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി തികച്ചു.
അവസാന ഓവറുകളില്‍ വമ്പന്‍ ബൗണ്ടറികളുമായി കീറണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും നിറഞ്ഞാടിയതോടെ സ്‌കോര്‍ 190 കടന്നു. മുഹമ്മദ് ഷമി എറിഞ്ഞ 19ാം ഓവറില്‍ 19 റണ്‍സാണ് പാണ്ഡ്യയും പൊള്ളാര്‍ഡും ചേര്‍ന്ന് അടിച്ചെടുത്തത്. ഇരുപതാം ഓവറില്‍ 25 റണ്‍സാണ് മുംബൈ നേടിയത്.