X

ഡല്‍ഹിക്ക് വീണ്ടും തോല്‍വി; റണ്‍റേറ്റില്‍ ഇടിവ്; ഇനി തോറ്റാല്‍ പുറത്താകാനും സാധ്യത

ദുബായ്: ഐ.പി.എല്ലിലെ 51 ാം മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു.

അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് മുംബൈ വിജയം എളുപ്പമാക്കിയത്. 47 പന്തുകള്‍ നേരിട്ട കിഷന്‍ മൂന്നു സിക്‌സും എട്ട് ഫോറുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്നു.

ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡിക്കോക്കും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. 10.2 ഓവറില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 28 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഡിക്കോക്ക്, ആന്റിച്ച് നോര്‍ക്യയുടെ പന്തില്‍ പുറത്താകുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 12 റണ്‍സുമായി പുറത്താകാതെ നിന്നു.

നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.മുംബൈ ബൗളര്‍മാര്‍ക്കു മുന്നില്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ തകര്‍ത്തത്.

ഈ സീസണില്‍ മിക്കപ്പോഴും ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ഡല്‍ഹി, ഏറ്റവും ഒടുവില്‍ കളിച്ച തുടര്‍ച്ചയായ നാലാമത്തെ മത്സരമാണ് തോല്‍ക്കുന്നത്. ഇതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകളും മങ്ങി. ഇനിയൊരു മത്സരം കൂടി തോറ്റാല്‍ ഡല്‍ഹി പുറത്തുപോകാനും സാധ്യതയുണ്ട്. ഇന്നത്തെ കൂറ്റന്‍ തോല്‍വി അവരുടെ നെറ്റ് റണ്‍റേറ്റിനെയും ബാധിച്ചതോടെയാണിത്. 13 കളികളില്‍നിന്ന് ഒന്‍പതാം ജയം കുറിച്ച മുംബൈ, 18 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനം ഉറപ്പാക്കി.

Test User: