X

ഐ. പി.എല്ലില്‍ മിഡ്സീസണ്‍ ട്രാന്‍സ്ഫര്‍ പരീക്ഷിക്കുന്നു ; താരങ്ങള്‍ക്ക് ഇനി ഒരു സീസണില്‍ രണ്ടു ടീമില്‍ കളിക്കാനാവും

മുംബൈ : ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പില്‍ ശ്രദ്ധേയമായ ചുവടുവെപ്പുനൊരുങ്ങി ബി.സി.സി.ഐ. ഫുട്‌ബോളില്‍ നടന്നു വരുന്ന മിഡ്സീസണ്‍ ട്രാസ്ഫര്‍ ഐ.പി.എല്‍ ക്രിക്കറ്റില്‍ കൂടി പരീക്ഷിക്കാനാണ് ബി.സി.സി.ഐ മുതിരുന്നത്. ഇതോടെ ടീമില്‍ അവസരങ്ങള്‍ ലഭിക്കാത്ത താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന ടീമിലേക്ക് മാറാന്‍ അടുത്ത സീസണ്‍ വരെ കാത്തിരിക്കേണ്ടി വരില്ല.

മുംബൈയില്‍ ചൊവ്വാഴ്ച നടന്ന ടീം ഉടമകളും പ്രതിനിധികളും ഐ.പി.എല്‍ ഗവേണിങ് ബോഡിയും പങ്കെടുത്ത യോഗത്തില്‍ ഇതു സംബന്ധിച്ച അനുകൂല നിര്‍ദ്ദേശം ബി.സി.സി.ഐക്ക് കൈമാറിയിട്ടുണ്ട്. വരാനിരിക്കുന്ന ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പില്‍ തന്നെ പുതിയ ട്രാസ്ഫര്‍ പോളിസി ഉപയോഗിക്കുമെന്ന സൂചന ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം താരങ്ങളെ നിലനിര്‍ത്തുന്ന(പ്ലയര്‍ റിറ്റന്‍ഷന്‍ പോളിസി) പോളിസിയില്‍ അന്തിമ തീരുമാനമായില്ല.

സീസണ്‍ തുടങ്ങിയിട്ട് ആദ്യ ഏഴു കളികളില്‍ കളിക്കാനോ ബാറ്റു ചെയ്യാനോ ബൗള്‍ ചെയ്യാനോ അവസരം ലഭിക്കാത്ത താരങ്ങള്‍ക്കാണ് മിഡ്സീസണ്‍ ട്രാന്‍സ്ഫര്‍ വഴി പുതിയ ടീമിലേക്ക് ചേക്കേറാന്‍ അവസരം ലഭിക്കുക എന്നാണ് പുതിയ നിയമത്തെ കുറിച്ചുള്ള ആദ്യ സൂചനകള്‍.
ഐ.പി.എല്‍ മാതൃകയില്‍ വിവിധ രാജ്യങ്ങളില്‍ ബിഗ് ബാഷ്, കരീബിയന്‍ സൂപ്പര്‍ ലീഗ്, പാക്കിസ്താന്‍ സൂപ്പര്‍ ലീഗ് തുടങ്ങി ടി-20 ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ടെങ്കിലും ലോക ക്രിക്കറ്റില്‍ തന്നെ ആദ്യമായാണ്  മിഡ്സീസണ്‍ ട്രാന്‍സ്ഫര്‍ ഐ.പി.എല്ലില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.

chandrika: