X
    Categories: NewsSports

IPL: കൊല്‍ക്കത്തയും ലക്‌നൗവും ഇന്ന് അവസാന ഗ്രൂപ്പ് അങ്കത്തിനിറങ്ങുമ്പോള്‍ സമ്മര്‍ദ്ദം

മുംബൈ: കൊല്‍ക്കത്തയും ലക്‌നൗവും ഇന്ന് ഇന്ത്യന്‍ പ്രമിയര്‍ ലീഗിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് അങ്കത്തിനിറങ്ങുമ്പോള്‍ സമ്മര്‍ദ്ദമത്രയും ശ്രേയാംസ് അയ്യരുടെ കൊല്‍ക്കത്തക്കാര്‍ക്ക്. ജയം മാത്രമാണ് രക്ഷ. ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ല. കെ.എല്‍ രാഹുലിന്റെ ലക്‌നൗ സംഘത്തിനും തോല്‍വി പ്രശ്‌നങ്ങളുണ്ടാക്കും. ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം.

ഐ.പി.എല്‍ പ്രാഥമിക റൗണ്ട് അവസാന ആഴ്ച്ചയിലെത്തി നില്‍ക്കുമ്പോള്‍ ഹാര്‍ദിക് പാണഡ്യയുടെ ഗുജറാത്ത്് ടൈറ്റന്‍സ് മാത്രമാണ് സേഫ് സോണില്‍. അവര്‍ മാത്രമാണ് പ്ലേ ഓഫ് ഉറപ്പാക്കിയവര്‍. 13 മല്‍സരങ്ങളില്‍ നിന്നായി 20 പോയിന്റാണ് അവരുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ളത് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. 13 കളികളില്‍ നിന്നായി 16 പോയിന്റാണ് സമ്പാദ്യം. പക്ഷേ പ്ലേ ഓഫ് ഉറപ്പില്ല. ചെന്നൈക്കെതിരെ നടക്കാനിരിക്കുന്ന അവസാന മല്‍സരത്തില്‍ വന്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ രക്ഷപ്പെട്ട് കയറാനാവും. ചെന്നൈയെ തോല്‍പ്പിച്ചാല്‍ പേടിക്കാനില്ല. 13 കളികളില്‍ 16 പോയിന്റ് തന്നെയാണ് ലക്‌നൗയുടെയും സമ്പാദ്യം.

നാലാം സ്ഥാനത്തുള്ളവര്‍ റിഷാഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സാണ്. 13 കളികളില്‍ അവരുടെ സമ്പാദ്യം 14 ല്‍ നില്‍ക്കുന്നു. 14 ല്‍ തന്നെ നില്‍ക്കുകയാണ് ഫാഫ് ഡുപ്ലസിയുടെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ്. കൊല്‍ക്കത്തക്കാര്‍ നിലവില്‍ 13 ല്‍ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ സമ്പാദ്യം 14 ലെത്തും. നേരിയ പ്രതീക്ഷകളുമായി കാത്തിരിക്കാം.കൊല്‍ക്കത്തക്കാര്‍ക്ക് ആധികാരികത പ്രകടിപ്പിക്കാനാവുന്നില്ല. അതാണ് ടീമിന് തലവേദന. ആറ് മല്‍സരങ്ങളില്‍ അവര്‍ ഇതിനകം ജയിച്ചിരിക്കുന്നു. അപ്പോഴെല്ലാം ബാറ്റര്‍മാര്‍ കാര്യമായ സംഭാവന നല്‍കിയിരുന്നു. നായകന്‍ അയ്യര്‍ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ കരുത്തനായിരുന്നു. പിന്നീട് ഫോം ഔട്ടായി. ഇതേ പ്രശ്‌നങ്ങള്‍ ലക്‌നൗ സംഘത്തിനുമുണ്ട്. നായകന്‍ കെ.എല്‍ രാഹുല്‍ റണ്‍സ് നേടുന്നില്ല. നല്ല തുടക്കവും ഇതിനാല്‍ നഷ്ടമാവുന്നു. അവസാന മല്‍സരത്തില്‍ രാജസ്ഥാന് മുന്നില്‍ ടീം തകര്‍ന്നിരുന്നു.

Chandrika Web: