രാജ്‌കോട്ട്: ഗുജറാത്ത് ലയണ്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പത്ത് വിക്കറ്റിന്റെ പത്തരമാറ്റ് വിജയം. ഗുജറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 14.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഗംഭീറിന്റെ ടീം മറികടന്നു.
ഓപണര്‍മാരായ നായകന്‍ ഗംഭീറും (48 പന്തില്‍ 76) ക്രിസ് ലിന്നും (41 പന്തില്‍ 93) കൂടി ചേര്‍ന്ന് ഉജ്ജ്വല ബാറ്റിങ് കാഴ്ച വെപ്പോള്‍ 20 ഓവര്‍ കൊണ്ട് റൈനയുടെ ഗുജറാത്ത് ലയണ്‍സ് അടിച്ചുകൂട്ടിയ റണ്‍സ് കീഴടക്കാന്‍ കൊല്‍ക്കത്തക്ക് 15 ഓവര്‍ തികച്ച് വേണ്ടി വന്നില്ല.
19 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ലിന്നിന്റെ ബാറ്റ് തുടരെത്തുടരെ റണ്‍സ് അടിച്ചെടുത്തു. പൂര്‍ണ പിന്തുണയുമായി നായകന്‍ ഗംഭീര്‍ കൂടി ചേര്‍ന്നപ്പോള്‍ 184 എന്ന വിജയലക്ഷ്യം ഇരപോരാത്ത പോലെയായി. എട്ട സിക്‌സും ആറ് ഫോറുമടക്കം 93 റണ്‍സ് നേടിയ ലിന്‍ തന്നെയാണ് കളിയിലെ താരവും. സെഞ്ച്വറി തികക്കാന്‍ തക്ക സ്‌കോര്‍ ഗുജറാത്ത് നേരത്തെ നേടാഞ്ഞതിലായിരിക്കും ലിന്നിന്റെ പരിഭവമെന്ന കമന്റുകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ലയണ്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്. പുറത്താകാതെ 68 റണ്‍സ് നേടിയ നായകന്‍ സുരേഷ് റൈനയും 47 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കുമാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയ 87 റണ്‍സാണ് ലയണ്‍സിന് ചെറുതെങ്കിലും ശക്തി പകര്‍ന്നത്.