X
    Categories: Sports

കൊല്‍ക്കത്ത ബാംഗ്ലൂരിനെ വീഴ്ത്തി; ജയ്പൂരിലും ‘മാന്ത്രികത’ തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ജയ്പൂര്‍: കുറഞ്ഞ സ്‌കോര്‍ വിജയകരമായി പ്രതിരോധിക്കുകയെന്ന ‘മാന്ത്രികത’ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെ അവരുടെ തട്ടകത്തില്‍ 151 റണ്‍സ് മാത്രമെടുത്ത ഹൈദരാബാദ് എതിരാളികളെ 140-ലൊതുക്കി പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രാത്രി വൈകി നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആറു വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് 175 റണ്‍സെടുത്തെങ്കിലും നാലു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു.

ടോസ് നഷ്ടമായി ഫീല്‍ഡിങ് ചെയ്യേണ്ടി വന്ന രാജസ്ഥാന്‍ റോയല്‍സ് അച്ചടക്കമുള്ള ബൗളിങ് പ്രകടനത്തിലൂടെയാണ് സണ്‍റൈസേഴ്‌സിനെ 151-ല്‍ ഒതുക്കിയത്. 26 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറും 18 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത കൃഷ്ണപ്പ ഗൗതമും തിളങ്ങി.
ഓപണര്‍ അലക്‌സ് ഹെയില്‍സ് (45), ക്യാപ്ടന്‍ കെയ്ന്‍ വില്യംസണ്‍ (63) എന്നിവരുടെ മികച്ച ബാറ്റിങ് ആണ് ഹൈദരാബാദിനെ പൊരുതാവുന്ന ടോട്ടല്‍ സ്വന്തമാക്കാന്‍ സഹായിച്ചത്. ഏഴ് ഫോറും രണ്ട് സിക്‌സറുമടക്കമായിരുന്നു വില്യംസന്റെ ഇന്നിങ്‌സ്.
നായകന്‍ അജിങ്ക്യ രഹാനെ (65 നോട്ടൗട്ട്), സഞ്ജു സാംസണ്‍ (40) എന്നിവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് റോയല്‍സിനെ അനായാസ ജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ബൗളിങ് ചെയ്ഞ്ചിലൂടെ വില്യംസണ്‍ കളി വരുതിയിലാക്കുകയായിരുന്നു. ആറ് ബൗളര്‍മാരെ പരീക്ഷിച്ച സണ്‍റൈസേഴ്‌സ് ഒരു വശത്ത് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വന്‍ ഷോട്ടുകള്‍ കളിക്കുന്നതില്‍ രഹാനെ പരാജയപ്പെട്ടു. 53 പന്ത് നേരിട്ട രഹാനെ ഒരു സിക്‌സറും അഞ്ച് ഫോറും മാത്രമാണ് നേടിയത്. രാഹുല്‍ ത്രിപാഠി (4), ബെന്‍ സ്റ്റോക്‌സ് (0), ജോസ് ബട്‌ലര്‍ (10) തുടങ്ങിയ മുന്‍നിരക്കാരുടെ പരാജയവും നിര്‍ണായകമായി. സിദ്ധാര്‍ത്ഥ് കൗള്‍ സഞ്ജുവിനെയും മഹിപാല്‍ ലോംറോറിനെയും പുറത്താക്കിയപ്പോള്‍ സന്ദീപ് ശര്‍മ, ബേസില്‍ തമ്പി, റാഷിദ് ഖാന്‍, യൂസുഫ് പഠാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ക്യാപ്ടന്‍ വിരാട് കോലിയുടെ (68 നോട്ടൗട്ട്) അപരാജിത അര്‍ധ ശതകമാണ് കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ബ്രെണ്ടന്‍ മക്കല്ലം (38), ക്വന്റണ്‍ ഡികോക്ക് (29) എന്നിവരും തിളങ്ങിയപ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രതീക്ഷക്കൊത്തുകയരാന്‍ കഴിഞ്ഞില്ല. 44 പന്ത് നേരിട്ട കോലി അഞ്ച് ഫോറും മൂന്ന് സിക്‌സറുമടിച്ചു. മറുപടി ബറ്റിങില്‍ ക്രിസ് ലിന്നിന്റെ (62) അര്‍ധ ശതകമാണ് കൊല്‍ക്കത്തക്ക് നിര്‍ണായകമായത്.

chandrika: