X
    Categories: NewsSports

ഐ.പി.എല്ലില്‍ ഇന്ന് കിരീടപ്പോര്

അഹമ്മദാബാദ്: ഇന്ന് തനിയാവര്‍ത്തനമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആദ്യ ക്വാളിഫയറില്‍ അഞ്ച് ദിവസം മുമ്പ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഗുജറാത്ത്-രാജസ്ഥാന്‍ പോരാട്ടത്തിന്റെ റീപ്പിറ്റ്. അന്ന് പ്രസീത് കൃഷ്ണ എന്ന രാജസ്ഥാന്‍ സീമറുടെ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ ഗ്യാലറിയിലെത്തിച്ച് ഗുജറാത്തിന് വിസ്മയ വിജയം സമ്മാനിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബാറ്റര്‍ ഡേവിഡ് മില്ലറായിരുന്നു. ആ അവസാന ഓവര്‍ തോല്‍വിക്ക് ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ പകരം ചോദിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. അതോ സീസണിലുടനീളം ഗംഭീരമായി കളിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ആധികാരികത നിലനിര്‍ത്തുമോ… കടലാസില്‍ സാധ്യത ഗുജറാത്തിനാണ്. പക്ഷേ ടി-20 ക്രിക്കറ്റില്‍ ഒന്നും പ്രവചിക്കാനാവില്ലെന്നിരിക്കെ ഹാര്‍ദിക് പറയുന്നു- നന്നായി കളിച്ചാല്‍ കിരീടം സ്വന്തമാക്കാനാവുമെന്ന്. സഞ്ജുവും ആത്മവിശ്വാസത്തിലാണ്. സീസണിലുടനീളം ഗംഭീരമായാണ് ഞങ്ങള്‍ കളിച്ചത്. കിരീടവുമായി മടങ്ങാനാണ് മോഹം.

ഒന്നേ കാല്‍ ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രാജസ്ഥാന് അനുകൂലമാവുന്ന ഘടകം ഈ വേദിയില്‍ കഴിഞ്ഞ ദിവസം കളിച്ചുവെന്നത് തന്നെ. രണ്ടാം എലിമിനേറ്ററില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ബെംഗളൂരുവിനെ എതിരിട്ടത് ഇതേ വേദിയിലായിരുന്നു. അനായാസമായിരുന്നു ആ വിജയം. അതിന് നേതൃത്വം നല്‍കിയ ജോസ് ബട്‌ലര്‍ തന്നെ ഇന്നത്തെ അങ്കത്തിലും സഞ്ജുവിന്റെ പ്രതീക്ഷ. ചാമ്പ്യന്‍ഷിപ്പില്‍ രാജസ്ഥാന്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും ഇന്നിംഗ്‌സിന് തുടക്കമിട്ട ഇംഗ്ലീഷുകാരന്‍ ഇതിനകം സ്വന്തമാക്കിയത് നാല് സെഞ്ച്വറികളാണ്. ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌ക്കോറര്‍ അദ്ദേഹം തന്നെയാണ്. പര്‍പ്പിള്‍ ക്യാപ്പ് ഇതിനകം ഉറപ്പിച്ച ബട്‌ലര്‍ക്കൊപ്പം സഞ്ജു തന്നെയാണ് ബാറ്റിംഗ് നിരയിലെ രണ്ടാമന്‍. നന്നായി തുടങ്ങുന്ന നായകന് ആ തുടക്കത്തെ പ്രയോജനപ്പെടുത്താനാവുന്നില്ലെന്നാണ് കാര്യമായ പരാതി. പക്ഷേ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്ന സഞ്ജു ടീമിന്റെ വിജയമാണ് ലക്ഷ്യമാക്കുന്നത്. യശ്‌സവി ജയ്‌സ്‌വാള്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെത്തിമര്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ രാജസ്ഥാന്‍ ബാറ്റിംഗ് ശക്തമാവുന്നു. പിന്നെ റിയാന്‍ പരാഗ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെ പോലുള്ള കിടിലനടിക്കാര്‍. വാലറ്റത്തില്‍ അടിക്ക് മടിക്കാത്ത ട്രെന്‍ഡ് ബോള്‍ട്ടും ഒബോദ് മക്കോയിയും. ബൗളിംഗാണ് ടീമിന് ആദ്യ ക്വാളിഫയറില്‍ പ്രശ്‌നമായത്. ട്രെന്‍ഡ് ബോള്‍ട്ട്, പ്രസീത് കൃഷ്ണ എന്നിവരാണ് ന്യൂ ബോള്‍ ബൗളര്‍മാര്‍. പക്ഷേ ഗുജറാത്തുകാരുടെ കടന്നാക്രമണ ശൈലിയെ നിയന്ത്രിക്കാന്‍ ഇവര്‍ക്കാവണം. യൂസവേന്ദ്ര ചാഹല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നീ സ്പിന്‍ ദ്വായമാണ് മധ്യ ഓവറുകളിലെ റണ്‍ നിയന്ത്രണക്കാര്‍. അഞ്ചാമനായ ബൗളര്‍ മക്കോയിയാണ്. ബെംഗളൂരുവിനെതിരെ നന്നായി പന്തെറിഞ്ഞ ആത്മവിശ്വാസം മക്കോയിക്കുണ്ട്.

ആത്മവിശ്വാസമാണ് ഗുജറാത്ത്. നായകന്‍ ഹാര്‍ദിക് തന്നെ ടീമിനെ മുന്നില്‍ നിനന് നയിക്കുന്നു. വിശാലമായ ബാറ്റിംഗ് നിര. വാലറ്റത്തില്‍ റാഷിദ് ഖാന്‍ പോലും വീശിയടിക്കും. എത്ര വലിയ സ്‌ക്കോര്‍ നേടാനും ഏത് സ്‌ക്കോര്‍ പിന്തുടരാനും മിടുക്കര്‍. വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഇന്നിംഗ്‌സിന് തുടക്കമിടുന്നവര്‍. ഓസ്‌ട്രേലിയ.ക്കാരന്‍ മാത്യു വെയിഡെ, ഹാര്‍ദിക്, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാദിയ തുടങ്ങിയ വലിയ ബാറ്റിംഗ് ലൈനപ്പ്. ബൗളിംഗില്‍ മുഹമ്മദ് ഷമിയുടെ അനുഭവക്കരുത്ത്. ലോക്കി ഫെര്‍ഗൂസണ്‍, യാഷ് ദയാല്‍, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ് തുടങ്ങിയവര്‍. ഇവരില്‍ രാജസ്ഥാന് പേടി റാഷിദിനെയാണ്. ക്വാളിഫയറില്‍ നാലോവറില്‍ കേവലം 15 റണ്‍സ് മാത്രമാണ് അദ്ദേഹം നല്‍കിയത്. 24 പന്തുകളില്‍ ഒരു ബൗണ്ടറിയോ സിക്‌സറോ വഴങ്ങിയില്ല.ടോസ് നിര്‍ണായകമാണ്. രാത്രി പോരാട്ടത്തില്‍ ചേസിംഗ് എളുപ്പമല്ല. ടോസ് ലഭിക്കുന്നവര്‍ ആദ്യം ബാറ്റ് ചെയ്യും. മല്‍സരം രാത്രി എട്ട് മുതല്‍.

Chandrika Web: