ദുബായ്: ഐ.പി.എല്ലിലെ 29ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം. 20 റണ്‍സിനാണ് ചെന്നൈ ഹൈദരാബാദിനെ തോല്‍പ്പിച്ചത്. ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എട്ടു മത്സരങ്ങളില്‍ നിന്ന് ചെന്നൈയുടെ മൂന്നാം ജയമാണിത്.
കെയ്ന്‍ വില്യംസന്റെ ഒറ്റയാള്‍ പോരാട്ടത്തിനും ഹൈദരാബാദിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 39 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികള്‍ സഹിതം 57 റണ്‍സെടുത്ത വില്യംസണ്‍ 18ാം ഓവറില്‍ പുറത്തായതോടെ ഹൈദരാബാദ് കളി കൈവിടുകയായിരുന്നു. ചെന്നൈയ്ക്കായി ഡൗയ്ന്‍ ബ്രാവോയും കരന്‍ ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തിരുന്നു. മൂന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷെയ്ന്‍ വാട്ട്‌സണ്‍ അമ്പാട്ടി റായുഡു സഖ്യമാണ് ചെന്നൈയുടെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 34 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 41 റണ്‍സെടുത്ത റായുഡുവിനെ പുറത്താക്കി ഖലീല്‍ അഹമ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 പന്തുകള്‍ നേരിട്ട വാട്ട്‌സണ്‍ മൂന്നു സിക്‌സും ഒരു ഫോറുമടക്കം 42 റണ്‍സെടുത്തു.
നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ഹൈദരാബാദിനായി ബൗളിങ്ങില്‍ തിളങ്ങി. ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റ് വീഴ്ത്തി.