X

കൊല്‍ക്കത്തയെ തകര്‍ത്ത് ചെന്നൈ ഐപിഎല്‍ ചാമ്പ്യന്മാര്‍; കിരീടം നേടുന്നത് നാലാംതവണ

ദുബായ്: ഐപിഎല്‍ 14ാം സീസണ്‍ ചാമ്പ്യന്മാരായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചാണ് ചെന്നൈ കിരീടം ചൂടിയത്. ധോനിയുടെ കീഴില്‍ ചെന്നൈയുടെ നാലാം ഐപിഎല്‍ കിരീടമാണിത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതില്‍ കൊല്‍ക്കത്ത പരാജയപ്പെട്ടു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ കൊല്‍ക്കത്തക്കായുള്ളൂ. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ചെന്നൈ 192 എന്ന വലിയ ടോട്ടലിലേക്ക് എത്തിയത്.

59 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 86 റണ്‍സെടുത്ത ഹാഫ് ഡുപ്ലസിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത മോയിന്‍ അലിയും 27 പന്തില്‍ 32 റണ്‍സെടുത്ത ഋതുരാജും 15 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും ചെന്നൈ സ്‌കോര്‍ ഉയര്‍ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്കായി ഓപണര്‍മാരായ ശുഭ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയെങ്കിലും തുടര്‍ന്നെത്തിയവര്‍ക്ക് ആ തുടക്കം മുതലെടുക്കാനായില്ല. പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ വീണു. ഇരുവര്‍ക്കും ശേഷം ടീമില്‍ രണ്ടക്കം കടന്നത് പത്താമനായി ക്രീസിലെത്തിയ ശിവം മാവിക്ക് മാത്രം, 13 പന്തില്‍ 20 റണ്‍സ്. 43 പന്തില്‍ 56 റണ്‍സാണ് ശുഭ്മാന്‍ ഗില്ലിന്റെ സമ്പാദ്യം. 32 പന്തില്‍ 50 റണ്‍സുമായി വെങ്കടേഷ് അയ്യരും.

ചെന്നൈക്കായി ഷാര്‍ദൂല്‍ ഠാക്കൂര്‍ മൂന്നും ജോഷ് ഹെയ്‌സല്‍വുഡ്, ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ പിഴുതു. കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു ചെന്നൈ. 2018നു ശേഷമുള്ള ചെന്നൈയുടെ ആദ്യ ഐപിഎല്‍ കിരീടമാണിത്. 2012 ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്തയോടേറ്റ തോല്‍വിക്ക് പകരം വീട്ടാനും ഇതോടെ ചെന്നൈക്കായി.

web desk 1: