ലക്‌നൗ: എന്താണ് കെ.എല്‍ രാഹുല്‍ സംഘത്തിന്റെ പോരായ്മ…? കടന്നാക്രമണക്കാര്‍ കുറവാണെന്നാണ് ഉത്തരം. ഇന്ന് അതിന് മറുപടിയുണ്ട്- ക്വിന്റണ്‍ ഡി കോക്ക് എന്ന ദക്ഷിണാഫ്രിക്കക്കാരന്‍ ബാറ്റിംഗിന് വേഗത കൂട്ടാനെത്തുന്നു. സ്വന്തം വേദിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുന്ന ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഇന്ന് ചാമ്പ്യന്‍ഷിപ്പിലെ മൂന്നാമത് മല്‍സരമാണ്. തോല്‍ക്കാതിരിക്കണം.
രാഹുല്‍ അവസാന മല്‍സരത്തില്‍ നിരാശ സമ്മാനിച്ചിരുന്നു. ചൈന്നൈ സ്പിന്നിന് മുന്നില്‍ പതറി പോയ നായകന് നിരാശ ആവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ല. നല്ല തുടക്കം ടീമിന് നല്‍കാന്‍ നിയോഗിതനായ അദ്ദേഹത്തിനൊപ്പം ഡികോക്ക് കളിക്കുമെന്നാണ് കരുതപ്പെടുന്നത്. കൈല്‍ മേയേഴ്‌സ്, ദിപക് ഹുദ, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പുരാന്‍ തുടങ്ങിയ ബാറ്റിംഗ് നിരക്ക് ആവേശം നല്‍കാന്‍ നായകനാവുമ്പോള്‍ വലിയ സ്‌ക്കോര്‍ നേടാനാവും. ഹൈദരാബാദ് സംഘത്തിലെ അതിവേഗക്കാരന്‍ ഉംറാന്‍ മാലിക്കിനെ പോലുളളവരെ നേരിട്ട് വേണം സ്‌ക്കോര്‍ ഉയര്‍ത്താന്‍. ഹൈദരാബാദ് സംഘത്തിനും പ്രതീക്ഷിച്ച തുടക്കം കിട്ടിയിട്ടില്ല. ആദ്യ മല്‍സരത്തില്‍ ശക്തരായ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ തകര്‍ന്നു പോയിരുന്നു.
ആദ്യ മല്‍സരത്തില്‍ ഭുവനേശ്വര്‍ കുമാറാണ് ടീമിനെ നയിച്ചതെങ്കില്‍ ഇന്ന് സ്ഥിരം നായകന്‍ ഐദന്‍ മാര്‍ക്ക്‌റാം ടീമിനൊപ്പമുണ്ട്. അനുഭവ സമ്പന്നരായ മായങ്ക് അദഗര്‍വാള്‍, ഹാരി ബ്രുക് തുടങ്ങിയവരുടെ ബാറ്റ് ഗര്‍ജ്ജിച്ചാല്‍ മാത്രമാണ് വലിയ സ്‌ക്കോര്‍ നേടാനാവുക. മുന്‍നിരയില്‍ രാഹുല്‍ ത്രിപാഠി ആദ്യ മല്‍സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു.