മുംബൈ: മഹേന്ദ്രസിംഗ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തുടര്‍ന്ന അശ്വമേഥത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരിക്കല്‍ കൂടി ചാമ്പലായി. ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമുകളും മുഖാമുഖം വന്ന നാലാം മല്‍സരത്തിലും തകര്‍പ്പന്‍ ജയം നേടി ചെന്നൈ ഐ.പി.എല്‍ പതിനൊന്നാം എപ്പിസോഡില്‍ രാജാക്കന്മാരായി. സെഞ്ച്വറി പ്രകടനം നടത്തിയ ഓസ്‌ട്രേലിയക്കാരന്‍ ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണാണ് കളിയിലെ കേമന്‍. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 178 റണ്‍സ് നേടിയപ്പോള്‍ വാട്ട്‌സണ്‍ കത്തിയ മറുപടിയില്‍ ചെന്നൈ കസറി.
ആധികാരികമായ ബാറ്റിംഗാണ് തുടക്കത്തില്‍ ഹൈദരാബാദ് നടത്തിയത്. ഫൈനലിന്റെ സമ്മര്‍ദ്ദം ആരും പ്രകടിപ്പിച്ചില്ല. വാംഖഡെയിലെ ചെറിയ മൈതാനത്ത് വലിയ സ്‌ക്കോര്‍ എളുപ്പമാണെന്ന സത്യം മനസ്സിലാക്കിയും കൂറ്റന്‍ ഷോട്ടുകള്‍ക്ക് പിറകെ പോവാതെയുള്ള നിലപാടില്‍ 178 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ഇതില്‍ കാര്യമായ സംഭാവന രണ്ട് പേരുടേതായിരുന്നു. 47 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണിന്റേതും 45 റണ്‍സ് നേടിയ യൂസഫ് പത്താന്റേതും. ആറ് ബൗളര്‍മാരെയാണ് മഹേന്ദ്രസിംഗ് ധോണി പരീക്ഷിച്ചത്. ആരും കാര്യമായി തല്ല് വാങ്ങിയതുമില്ല. നാലോവറില്‍ 46 റണ്‍സ് നല്‍കിയ വിന്‍ഡീസുകാരന്‍ ഡ്വിന്‍ ബ്രാവോയാണ് ധാരാളിയായത്.
ഗോസ്വാമിയും ശിഖര്‍ ധവാനുമാണ് ഇന്നിംഗ്‌സിന് തുടക്കമിട്ടത്. സ്‌ക്കോര്‍ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇല്ലാത്ത റണ്ണിനോടി ഗോസ്വാമി സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞു. വാംഖഡെയിലെ കാണികള്‍ക്ക് മുംബൈ ഇന്ത്യന്‍സ് കളിക്കാത്തത് കൊണ്ട് തന്നെ ആവേശക്കുറവുണ്ടായിരുന്നു. ഈ ആവേശക്കുറവ് ബാറ്റ്‌സ്മാന്മാരെയും ബാധിച്ചത് പോലെ തോന്നി. ധവാനും വില്ല്യംസണും ഒത്തു ചേര്‍ന്നപ്പോള്‍ പക്വമായ ബാറ്റിംഗായിരുന്നു. ലോക ക്രിക്കറ്റിലെ രണ്ട് സീനിയര്‍ താരങ്ങള്‍. മോശം പന്തുകളെ തെരഞ്ഞ് പിടിച്ച് ശിക്ഷിക്കാന്‍ വില്ല്യംസണ്‍ താല്‍പ്പര്യമെടുത്തപ്പോള്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സിംഗിളുകളും ഡബിളുകളും ധവാന്‍ ആയുധമാക്കി. ഒമ്പതാം ഓവറില്‍ ധവാന്‍ വീണു. 25 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമായി വലിയ ഇന്നിംഗ്‌സിനുള്ള ഒരുക്കത്തില്‍ രവീന്ദു ജഡേജയുടെ സ്പിന്‍ ധവാന്റെ പ്രതിരോധം തകര്‍ത്തു. ബംഗ്ലാദേശുകാരന്‍ ഷാക്കിബ് അല്‍ ഹസനായിരുന്നു നായകന് കൂട്ടായി വന്നത്. ബാറ്റിംഗില്‍ ഇത് വരെ വലിയ സംഭാവന നല്‍കാന്‍ കഴിയാതിരുന്ന ഷാക്കിബ് ഇന്നലെ പക്ഷേ അവസരോചിതമായി കളിച്ചു. രണ്ട് പേരും ചേര്‍ന്ന് സ്‌ക്കോര്‍ 100 കടത്തിയതിന് പിറകെ ചെന്നൈ ആഗ്രഹിച്ച വിക്കറ്റ് വീണു. ശര്‍മയെ കൂറ്റനടിക്കാനുള്ള ശ്രമത്തില്‍ വില്ല്യംസണ് പിഴച്ചു. ധോണി എളുപ്പത്തില്‍ സ്റ്റംമ്പ് ചെയ്തു. പിന്നെയുളള ദൗത്യം ഷാക്കിബും യൂസഫുമായിരുന്നു. രണ്ട് അനുഭവസമ്പന്നരും ചേര്‍ന്ന് സ്‌ക്കോര്‍ 133 ല്‍ എത്തിച്ചപ്പോള്‍ ഷാക്കിബിന്റെ മിന്നും ഷോട്ട് സുരേഷ് റൈനയുടെ കരങ്ങളിലെത്തി. കഴിഞ്ഞ മല്‍സരത്തില്‍ കൂറ്റനടികല്‍ പായിച്ച ഹുദ കേവലം മൂന്ന് റണ്‍സ് സമ്പാദ്യത്തില്‍ പുറത്തായതിന് ശേഷമെത്തിയ വിന്‍ഡീസുകാരന്‍ ബ്രാത്ത്‌വെയിറ്റ് 11 പന്തില്‍ പുറത്താവാതെ 21 റണ്‍സ് നേടി. യൂസഫിന്റേതായിരുന്നു അതിവേഗ ഇന്നിംഗ്‌സ്. 25 പന്തില്‍ പുറത്താവാതെ 45 റണ്‍സ്. രണ്ട് കൂറ്റന്‍ സിക്‌സറുകളും.
മറുപടി ബാറ്റിംഗില്‍ ചെന്നൈയുടെ തുടക്കം ടെസ്റ്റ് ശൈലിയിലായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡന്‍. ഫാന്‍ ഡുപ്ലസിയും ഷെയിന്‍ വാട്ട്‌സണും അനങ്ങാനുള്ള സാതന്ത്ര്യം കൊടുത്തില്ല ഭുവനേശ്വര്‍. സന്ദീപ് ശര്‍മ എറിഞ്ഞ അടുത്ത ഓവറില്‍ പിറന്നത് നാല് റണ്‍സ്. നാലാം ഓവറില്‍ സ്‌ക്കോര്‍ 16 ല്‍ ഡൂപ്ലസി പുറത്താവുകയയും ചെയ്തതോടെ സമ്മര്‍ദ്ദമായി. തുടര്‍ന്നായിരുന്നു റൈനക്കൊപ്പം വാട്ടസണ്‍ ആക്രമണം തുടങ്ങിയത്. അതോടെ ഹൈദരാബാദിന് കഷ്ടകാലമായി. റാഷിദ് ഖാന്‍ ഒഴികെ എല്ലാവരും കണക്കിന് വാങ്ങി. മോശം പന്തുകള്‍ എല്ലാവരും തുടര്‍ച്ചയായി എറിയുകയും ചെയ്തു. സന്ദീപ് ശര്‍മ്മ എറിഞ്ഞ ഇന്നിംഗ്‌സിലെ പതിമൂന്നാം ഓവറില്‍ വാട്ട്‌സണ്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളാണ് പായിച്ചത്.