X

റബാദയും സംഘവും അച്ചടക്കത്തോടെ പന്തെറിഞ്ഞു; ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ജയിക്കാന്‍ 163 റണ്‍സ്

അബുദാബി: ഐപിഎല്ലിലെ 11ാം മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 163 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മുന്‍ മത്സരങ്ങളിലെ പോലെ തന്നെ മികച്ച ബൗളിങ് പ്രകടനമാണ് ഡല്‍ഹി കാഴ്ചവെച്ചത്. നാല് ഓവര്‍ എറിഞ്ഞ റബാദ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രയും രണ്ടു വിക്കറ്റെടുത്തു.ജോണി ബെയര്‍സ്‌റ്റോ (53), ഡേവിഡ് വാര്‍ണര്‍ (45), കെയ്ന്‍ വില്യംസണ്‍ (41) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഹൈദരാബാദിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

പതിഞ്ഞ തുടക്കമായിരുന്നു ഹൈദരാബാദിന്റേത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന ഓപ്പണിങ് സഖ്യം 9.3 ഓവറില്‍ 77 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.പിന്നീട് വില്യംസണുമായി ചേര്‍ന്ന് ബെയര്‍സ്‌റ്റോ സ്‌കോര്‍ 144 വരെയെത്തിച്ചു. 48 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറും മാത്രമടങ്ങിയ ഇന്നിങ്‌സായിരുന്നു ബെയര്‍സ്‌റ്റോയുടേത്. 53 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് 24 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത വില്യംസനാണ് ഡല്‍ഹി സ്‌കോര്‍ 150 കടത്തിയത്. നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Test User: