തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ നിര്‍ദേശപ്രകാരം ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ലാറ്റ് പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടാനായി യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളിലൊന്ന് ഉപയോഗിക്കുന്നത് ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലൈഫ് മിഷന്‍ പദ്ധതികളുടെ മേല്‍നോട്ടച്ചുമതല നിര്‍വഹിച്ച ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കര്‍.
നിര്‍മ്മാണ കരാര്‍ ലഭിക്കാനായി 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വപ്ന ചോദിച്ചുവാങ്ങിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച ഇന്‍വോയ്‌സില്‍ അഞ്ചു ഫോണുകള്‍ക്കു പകരം ആറെണ്ണത്തിന്റെ ഐഎംഇഐ നമ്പറുകളുണ്ടായിരുന്നു. ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന 2 ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ചപ്പോഴാണ് അതിലൊന്നു യൂണിടാക് നല്‍കിയതാണെന്നു വ്യക്തമായത്. 99,900 രൂപയാണ് ഇതിന്റെ വില.
അതേസമയം, ശിവശങ്കറുമായി ഇടപാടൊന്നുമില്ലെന്നാണു സന്തോഷ് ഈപ്പന്റെ മൊഴിയെങ്കിലും ഫോണ്‍ കൈമാറ്റ വിവരം പുറത്തുവന്നതോടെ ഇത് അന്വേഷിക്കേണ്ടതുണ്ടെന്നാണു സിബിഐ നിലപാട്.