കോവിഡ് മഹാമാരി 2020നെ മാസ്‌ക്കുകളുടെ വര്‍ഷമാക്കി മാറ്റിയിരുന്നു. എന്നാല്‍ അത് ഏറ്റവും ദുരിതമായത് സ്മാര്‍ട്ട്‌ഫോണുകളില്‍ ഫേസ് ഐഡി സുരക്ഷാ ലോക്കായി ഉപയോഗിച്ചുവന്നവര്‍ക്കും. മാസ്‌ക് ഊരി ഫോണ്‍ അണ്‍ലോക്ക് ചെയ്യുക എന്നത് ഒരു ചടങ്ങായതിനാല്‍ പലര്‍ക്കും ഫിംഗര്‍ പ്രിന്റ് സെന്‍സറിനെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍, ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് അത്തരം സാഹചര്യത്തില്‍ പിന്‍ നമ്പര്‍ അടിച്ച് ലോക്ക് തുറക്കുകയല്ലാതെ രക്ഷയുണ്ടായിരുന്നില്ല.
എന്നാല്‍, ആപ്പിള്‍ ഒടുവില്‍ പിടിവാശിയൊഴിവാക്കുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐഫോണ്‍ 13 മുതല്‍ പഴയ ടച്ച് ഐഡി തിരിച്ചുകൊണ്ടുവരാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി ബ്ലൂംബര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്തത്. പഴയ ടച്ച് ഐഡിക്ക് പകരം പുതിയ ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറായിരിക്കും നല്‍കുക. നിലവില്‍ കമ്പനി ഈ ടെക്‌നോളജിയുടെ ടെസ്റ്റിങ്ങിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇത് ശരിയാണെങ്കില്‍ രണ്ടാം ജനറേഷന്‍ ക്വാല്‍കോം അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ അടുത്ത ഐഫോണ്‍ മോഡലിനൊപ്പം പ്രതീക്ഷിക്കാം. നേരത്തെയുള്ള ജനറേഷനേക്കാള്‍ കൂടുതല്‍ വേഗതയും ഒപ്പം ഒപ്റ്റിക്കല്‍ സെന്‍സറിനേക്കാള്‍ സുരക്ഷിതവുമായിട്ടാണ് ക്വാല്‍കോം പുതിയ സെന്‍സര്‍ വികസിപ്പിച്ചിരിക്കുന്നത്.