ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ സീരിസായ ഐഫോണ്‍ 12 സീരീസ് മോഡലുകള്‍ വാങ്ങാന്‍ വിപണിയില്‍ തിരക്കോട് തിരക്ക്. ആദ്യ ബാച്ചില്‍ പുറത്തിറക്കിയ ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവയുടെ ബുക്കിങ് തുടങ്ങി. മിക്ക രാജ്യങ്ങളിലും ബുക്കിങ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ സ്‌റ്റോക്കും തീര്‍ന്നു.
ഇതോടെ ചില രാജ്യങ്ങളില്‍ പ്രീ ബുക്കിങ് തത്കാലത്തേക്കു നിര്‍ത്തിവച്ചു. അതേസമയം, ഐഫോണ്‍ 12 ബുക്കിങ് തുടങ്ങിയതോടെ ആപ്പിള്‍ സ്‌റ്റോര്‍ പലപ്പോഴും നിശ്ചലമായി. സ്‌റ്റോര്‍ പ്രവര്‍ത്തനരഹിതമായതിന് ആപ്പിള്‍ ഒരു കാരണവും പറഞ്ഞിട്ടെങ്കിലും ഉപഭോക്താക്കളുടെ തള്ളികയറ്റമാണെന്ന കാര്യം വ്യക്തമാണ്.
ഇന്ത്യയിലും ആപ്പിള്‍ സ്‌റ്റോര്‍ പണിമുടക്കിയിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച ഇന്ത്യയിലെ ആപ്പ് സ്‌റ്റോര്‍ വെബ്‌സൈറ്റില്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ തിരക്കാണ്. ഒക്ടോബര്‍ 17ന് ശനിയാഴ്ച ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ആരംഭിക്കുന്ന ദീപാവലി ഓഫര്‍ വില്‍പ്പനയ്ക്ക് തൊട്ടുമുന്‍പാണ് ഇന്ത്യയിലും പ്രവര്‍ത്തനരഹിതമായത്.
പ്രീഓര്‍ഡറുകളില്‍ 65 ശതമാനവും ഐഫോണ്‍ 12നുള്ളതാണെന്ന് സിഎച്ച്ടി പറഞ്ഞു. ഐഫോണ്‍ 12ന്റെ ആദ്യ ദിവസത്തെ പ്രീഓര്‍ഡറുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 11നേക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്ന് എഫ്ഇടി റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, എഫ്ഇടിയുടെ 50 ശതമാനം പ്രീ ഓര്‍ഡറുകള്‍ ഐഫോണ്‍ 12 പ്രോയ്ക്കായിരുന്നു.