ന്യൂഡല്‍ഹി: ദുബൈയില്‍ പോയി ഐഫോണ്‍ വാങ്ങിയാല്‍ നിങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള കടയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ ലാഭകരമെന്ന് കണക്കുകള്‍. വിമാന ടിക്കറ്റെടുത്ത് ദുബൈയില്‍ പോയാല്‍ ഫോണും വാങ്ങാം ദുബൈ ട്രിപ്പും അടിക്കാം. എന്നാലും പൈസ ബാക്കിയാവും. മോദി സര്‍ക്കാറിന്റെ തലതിരിഞ്ഞ ജിഎസ്ടി പരിഷ്‌കാരമാണ് ഈ വൈരുദ്ധ്യത്തിന് കാരണം.
ഐഫോണിന്റെ പുതിയ മോഡലായ ഐഫോണ്‍ 12ന്റെ ദുബൈയിലെ വിലയും ഇന്ത്യയിലെ വിലയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമാണുള്ളത്. ഇന്ത്യയില്‍ ഐഫോണ്‍ 12 പ്രോയുടെ വില 1,20,000 ആണ്. എന്നാല്‍ ദുബൈയില്‍ ഇതിന്റെ വില ഇന്ത്യന്‍ രൂപയില്‍ 84,000 മാത്രമാണ്. ദുബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഏകദേശം 20,000 രൂപയോളമാണ്. ടിക്കറ്റെടുത്ത് പോയി ഐഫോണ്‍ വാങ്ങി വന്നാലും പിന്നെയും പൈസ ബാക്കിയാവുമെന്നാണ് സ്ഥിതി.
ഈ വര്‍ഷം മാര്‍ച്ചിലാണ് മോദി സര്‍ക്കാര്‍ മൊബൈല്‍ ഫോണുകള്‍ക്കുള്ള ജിഎസ്ടി നിരക്ക് കുത്തനെ ഉയര്‍ത്തിയത്. 12 ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് 18 ശതമാനമായാണ് ഉയര്‍ത്തിയത്. അഞ്ച് ശതമാനത്തോളമാണ് ഐഫോണ്‍ വിലയില്‍ ഇത് വര്‍ധനവുണ്ടാക്കിയത്. വേണ്ടത്ര ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ തിരക്കിട്ട നടപ്പാക്കിയ ജിഎസ്ടി സമ്പ്രദായം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിപണിയില്‍ എന്ത് സംഭവിക്കുമെന്ന കണക്ക് കൂട്ടലുകളില്ലാതെയാണ് മോദി സര്‍ക്കാര്‍ പല സാമ്പത്തിക പരിഷ്‌കാരങ്ങളും നടപ്പാക്കിയതെന്ന വിമര്‍ശനത്തെ ശരിവെക്കുന്നതാണ് ഐഫോണ്‍ വിലയില്‍ കാണുന്ന വലിയ അന്തരമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.