X
    Categories: Newsworld

സിസിടിവി ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകളില്‍; ചോര്‍ന്നത് 50,000ത്തോളം വീടുകളിലെ സ്വകാര്യ ദൃശ്യങ്ങള്‍

സിംഗപ്പൂര്‍: 50,000ത്തോളം വീടുകളിലെ സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങള്‍ ഹാക്ക്‌ചെയ്ത് ചോര്‍ത്തി സ്വകാര്യ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റിന് വിറ്റെതായി പരാതി. സിംഗപ്പൂരിലെ ചില വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ കാണപ്പെട്ടതായ വാര്‍ത്തകളില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഹാക്കിംഗ് വിവരങ്ങള്‍ പുറംലോകം അറിഞ്ഞത്.

വീടുകളിലെ ലീവിംഗ് റൂം, ബാത്ത് റൂം, ബെഡ്‌റൂം എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലെത്തിയത്. ഏതാണ്ട് 20 മിനുട്ടോളം നീളമുള്ള ക്ലിപ്പുകള്‍ ആയിട്ടാണ് ദൃശ്യങ്ങള്‍ സൈറ്റുകളില്‍ കാണപ്പെടുന്നതെന്ന് ഏഷ്യാവണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചോര്‍ന്ന വിഡീയോകളില്‍ ലൈംഗിക ദൃശ്യങ്ങളും, കുട്ടികള്‍ക്ക് അമ്മമാര്‍ മുലയൂട്ടുന്ന ദൃശ്യങ്ങള്‍ വരെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സിംഗപ്പൂരില്‍നിന്നും ചോര്‍ന്ന മിക്ക വീഡിയോകളും കോവിഡ് ലോക്കഡൗണ്‍ കാലത്തുള്ളതാണെന്നാണ് സൂചന. അവിടെ വീടുകളില്‍ സ്വതവേ കാണപ്പെടുന്ന സിസിടിവി ഫൂട്ടേജുകളാണ് വീഡിയോയില്‍ കാണപ്പെടുന്നതെന്ന് പൊലീസും തിരിച്ചറിഞ്ഞിട്ടുണ്ട്. സുരക്ഷയ്ക്കായി പൗരന്മാര്‍ വീടുകളില്‍ ഐപി ക്യാമറ വയ്ക്കുന്നത് ഇവിടെ സാധാരണമാണെന്നും പലരും ജോലിക്കും മറ്റും പോകുമ്പോള്‍ വീട്ടിലുള്ള കുട്ടികളെയും, മുതിര്‍ന്നവരെയും, വീട്ടുജോലിക്കാരെയും നിരീക്ഷിക്കാനാണ് ഇതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, ഇത് തിരിച്ചറിഞ്ഞ പ്രത്യേക സംഘമാവും ഹാക്കിംഗിന് പിന്നിലുള്ളതെന്നും സിംഗപൂര്‍ സൈബര്‍ പൊലീസ് വിദഗ്ധര്‍ പ്രതികരിച്ചു.

നിരവധി പേര്‍ അംഗങ്ങളായുള്ള അഡള്‍ട്ട് സോഷ്യല്‍ മീഡിയ ആപ്പിലൂടയാണ് വീഡിയോ കൈമാറ്റം പോയതെന്നും സംശയമുണ്ട്. സിംഗപൂര്‍ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അംഗമായ ഗ്രൂപ്പുകള്‍ വഴിയാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇത്തരത്തില്‍ 1,000ത്തോളം പേര്‍ അംഗങ്ങളായ ഗ്രൂപ്പിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്ത് നിന്നും നിയന്ത്രിക്കാന്‍ കഴിയുന്ന ഐപി ക്യാമറകളുടെ ഹാക്കിംഗ് സാധ്യത വളരെ കൂടുതലാണെന്നും സൗകാര്യ സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നുമാണ് സൈബര്‍ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

 

chandrika: