X

നിങ്ങളുടെ അടുക്കളയില്‍ എല്‍.പി.ജിയുണ്ടല്ലോ, പിന്നെങ്ങനെ നിങ്ങള്‍ പുതുവൈപ്പുകാരെ പിന്തുണയ്ക്കും

എം. അബ്ദുള്‍ റഷീദ് എഴുതുന്നു

ഒരു പൊട്ടിത്തെറിയ്ക്കു
തൊട്ടുമുമ്പു വരെ
എല്ലാ പ്ലാന്റുകളും
സുരക്ഷിതമാണ്..!

ശ്രദ്ധിച്ചോ? ഒരേ ഈണത്തില്‍, താളത്തില്‍ ന്യായീകരണങ്ങള്‍ നിറയുകയാണ്:

”നിങ്ങളുടെ അടുക്കളയില്‍ എല്‍.പി.ജിയുണ്ടല്ലോ, പിന്നെങ്ങനെ നിങ്ങള്‍ പുതുവൈപ്പുകാരെ പിന്തുണയ്ക്കും?”
”അവിടെ ഇപ്പോള്‍ത്തന്നെ കുറെ പ്ലാന്റുണ്ടല്ലോ, പിന്നെ കുറെ എണ്ണംകൂടി വന്നാലെന്തായിത്ര സൂക്കേട്?”
‘ഒരപകടവുമില്ല. പേടിയൊക്കെ വൈപ്പിന്‍കാരുടെ അറിവില്ലായ്മ’ എന്ന് പറഞ്ഞിരുന്ന ചിലരെങ്കിലും സ്വരം അല്പം മാറ്റി: ”അല്ലാ, അപകടമുണ്ടെങ്കിലെന്താ, ഇതൊക്കെ വേണ്ടെന്ന് വയ്ക്കാന്‍ കഴിയുമോ?”

ഈ ഓരോ ചോദ്യവും ഞാനും നിങ്ങളുമടങ്ങുന്ന മലയാളിയുടെ ഉപരിപ്ലവ വികസനബോധത്തെയും വികല മനോനിലകളെയും നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. അതു തുടരട്ടെ. മുഖംമൂടികള്‍ അഴിഞ്ഞുവീഴുന്നതും ഉള്ളിന്റെയുള്ളില്‍ ശരിക്കും നമ്മള്‍ ആരാണെന്നും ഇടയ്‌ക്കൊന്നു വെളിപ്പെടുന്നത് നല്ലതാണ്.

പക്ഷെ, ഈ ചോദ്യങ്ങള്‍ക്കെല്ലാം ചില തുടര്‍സാധ്യതകളുമുണ്ട്:
”നിങ്ങള്‍ കൃഷിക്ക് കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് കീടനാശിനി ഫാക്ടറിയെ എതിര്‍ക്കുന്നത്?”
”നിങ്ങളുടെ വീട്ടിലും മാലിന്യങ്ങള്‍ ഉണ്ടല്ലോ, പിന്നെന്തിനു നിങ്ങള്‍ വിളപ്പില്‍ശാലക്കാരെ ന്യായീകരിക്കുന്നു?”
”നിങ്ങള്‍ വൈദ്യുതി ഉപയോഗിക്കുന്നുണ്ടല്ലോ, പിന്നെന്തിന് വൈദ്യുതിനിലയങ്ങളെ എതിര്‍ക്കണം?”
”ലോകമെങ്ങും ആണവനിലയങ്ങളുണ്ടല്ലോ, പിന്നെന്താ കേരളത്തിലും വന്നാല്‍?” എന്നൊരു ചോദ്യവും ഉയരാം. ‘ വൈദ്യുതി ഉപയോഗിക്കാത്തവര്‍ മാത്രം ‘ ആണവോര്‍ജ നിലയങ്ങളെ എതിര്‍ത്താല്‍ മതി’ എന്നൊരു ലളിതയുക്തിയും വരാം. ‘വരാം’ എന്നല്ല ആ ചോദ്യങ്ങളൊക്കെ വന്നുകഴിഞ്ഞു.

തിരുവനന്തപുരത്തുനിന്നും വെറും നൂറുകിലോമീറ്റര്‍ അകലെ കൂടംകുളത്ത് ഇപ്പോള്‍ത്തന്നെ ആയിരം മെഗാവാട്ടിന്റെ ആണവോര്‍ജനിലയമുണ്ട്. നാളെ തിരുവനന്തപുരത്തും കൊച്ചിയിലും ഓരോന്നുകൂടി വന്നാല്‍ നമ്മുടെ വൈദ്യുതപ്രതിസന്ധി കുറേ കാലത്തേക്ക് പരിഹരിക്കപ്പെടും. വൈപ്പിന്‍കാരെ അടിച്ചൊതുക്കി അവരുടെ നെഞ്ചത്ത് എല്‍പിജി ടെര്‍മിനല്‍ പണിയണമെന്ന് വാശിപിടിക്കുന്ന മലയാളികള്‍ നാളെ ആണവനിലയത്തിനും കൈയടിക്കും, തീര്‍ച്ച!

പുതുവൈപ്പുകാരെ തീവ്രവാദികളാക്കുന്ന, അവിടുത്തെ അമ്മമാരെ ‘കുട്ടികളെ ചാവേറുകളാക്കുന്ന ക്രൂരരാ’ക്കുന്ന ഈ ഉപരിവര്‍ഗ മലയാളിബോധം വേഗം തിരുത്താവുന്ന ഒന്നല്ല. പല പല അധമബോധങ്ങളുടെ മിക്‌സാണ് ആ മനോനില. അതിനു ചികില്‍സയില്ല.
തീരദേശക്കാരനെയും പാവപ്പെട്ടവനെയും അടിച്ചൊതുക്കി അവന്റെ നെഞ്ചില്‍ക്കൂടില്‍ ചവിട്ടിനിന്നാണ് വികസനം എഴുന്നള്ളിക്കേണ്ടതെന്ന ചീഞ്ഞബോധം ആദ്യത്തേത്. ജനിച്ചുവളര്‍ന്ന നാട് കൈവിട്ടുപോകുമ്പോള്‍ അത് തിരിച്ചുപിടിക്കാന്‍ പാവപ്പെട്ടവര്‍ നടത്തുന്ന പോരാട്ടങ്ങളൊക്കെ ‘തീവ്രവാദ’മാണെന്ന തോന്നല്‍ രണ്ടാമത്. പിന്നെ നക്‌സലുകളെന്നോ എസ്‌യുസിഐയെന്നോ ഇസ്ലാമിസ്റ്റുകളെന്നോ പൊലീസ് വിശേഷിപ്പിക്കുന്നവരൊന്നും സമരംചെയ്യാനോ സമരങ്ങളെക്കുറിച്ചു മിണ്ടാന്‍പോലുമോ പാടില്ലായെന്ന ഫാസിസ്‌ററ് തോന്നല്‍ മൂന്നാമത്. ഈ സകല കെട്ടബോധങ്ങളുടെയും ആകെത്തുകയാണ് ബഹുഭൂരിപക്ഷം മലയാളികളുടെയും ‘വികസനബോധം’.

വൈപ്പിന്‍സമരത്തിന് പിന്തുണ നല്‍കുന്ന മാധ്യമശബ്ദങ്ങളെ ‘കെട്ടിയിട്ട പട്ടികളുടെ കുര’യെന്നൊരു സുഹൃത്ത് വിേശഷിപ്പിച്ചു കേട്ടു. സന്തോഷം! എന്തെന്നാല്‍, കെട്ടിയിടപ്പെട്ടിരിക്കുമ്പോഴും കാവല്‍നായയുടെ കുരയിലൊരു മുന്നറിയിപ്പുണ്ട്. അതൊരു അപായസൂചനയാണ്. ഭീകരമായതെന്തോ രഹസ്യമായി നിങ്ങളുടെ അതിര്‍ത്തിയിലേക്ക് കയറി വരുന്നുവെന്ന സൂചനയാണാ കുര!
ഐഒസിയുടെ വിദഗ്ധരായ സാറന്മാര്‍ ചാനലുകളിലിരുന്ന് ‘എല്ലാം സുരക്ഷിതം, ബാക്കിയെല്ലാം പുതുവൈപ്പിലെ ‘തീവ്രവാദികള്‍’ പ്രചരിപ്പിക്കുന്ന നുണ’ എന്ന് ആവര്‍ത്തിച്ചു പറയുന്നത് കേട്ടപ്പോഴാണ് രാജ്യത്ത് അടുത്തിടെ നടന്ന പെട്രോളിയം പ്രകൃതിവാതക അപകടങ്ങളുടെ ജാതകമൊന്നു പരിശോധിക്കാമെന്നു തീരുമാനിച്ചത്. അറിഞ്ഞ വസ്തുതകള്‍ അതേപടി പകര്‍ത്തുക മാത്രമായിരുന്നു കഴിഞ്ഞ ദിവസത്തെ എന്റെ പോസ്റ്റില്‍.

ജയ്പൂര്‍ പ്ലാന്റിലും ഹാസിറ പ്ലാന്റിലും ഐഒസിയുടെ സുരക്ഷാ പാളിച്ച മൂലം ഉണ്ടായ അപകടങ്ങള്‍ ഞാനുണ്ടാക്കിയ കെട്ടുകഥയല്ല. ജയ്പ്പൂര്‍ അപകടം അന്വേഷിച്ച ഐഒസിയുടെതന്നെ വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ഇങ്ങനെയെഴുതി: ”ഈ അപകടത്തിന്റെ പ്രധാന കാരണം കൃത്യമായ ഓപ്പറേറ്റിങ് നിര്‍ദേശങ്ങള്‍ പ്ലാന്റില്‍ ഉണ്ടായിരുന്നില്ല എന്നതാണ്. ചോര്‍ച്ച തടയാനുള്ള ഉപകരണങ്ങളും ഉണ്ടായിരുന്നില്ല. അപകടങ്ങളെയും അപകടസാധ്യതകളെയും അപകടമുണ്ടായാല്‍ സംഭവിക്കുന്ന ആഘാതങ്ങളെയും സംബന്ധിച്ച് മതിയായ ധാരണ (ഐഒസിക്ക്) ഉണ്ടായിരുന്നില്ല..”

ലക്ഷക്കണക്കിന് ലിറ്റര്‍ പെട്രോളിയം ഇന്ധനം സംഭരിച്ചിരുന്ന ഐഒസി ജയ്പ്പൂര്‍ പ്ലാന്റില്‍ വ്യക്തമായൊരു ഓപ്പറേറ്റിങ് പ്രൊസീജര്‍പോലും ഉണ്ടായിരുന്നില്ല! ഇതേ ഐഒസിയാണ് വൈപ്പിന്‍കാര്‍ക്ക് എല്ലാ സുരക്ഷയും വാഗ്ദാനം ചെയ്യുന്നത്! ആ വാഗ്ദാനം വൈപ്പിന്‍കാര്‍ വെള്ളംതൊടാതെ വിഴുങ്ങണംപോലും! അതുകേട്ടു ബാക്കിയെല്ലാവരും മിണ്ടാതിരുന്നുകൊള്ളണംപോലും! എന്തൊരു ജനാധിപത്യബോധം!
ഐഒസി ഉണ്ടാക്കിയ ഒന്നോ രണ്ടോ അപകടങ്ങള്‍ മാത്രമേ കഴിഞ്ഞ കുറിപ്പില്‍ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നുള്ളൂ. വേറെയുമുണ്ട് പലതും. 2002ല്‍ കൊല്‍ക്കത്തയില്‍ ഐഒസിയുടെതന്നെ എല്‍പിജി പ്ലാന്റില്‍ തീപടര്‍ന്നു. നാലു പേര്‍ക്ക് പൊള്ളലേറ്റു. ഭാഗ്യത്തിന് വന്‍ദുരന്തം ഒഴിവായി.
2012 -ല്‍ ആസാമില്‍ ഗുവാഹത്തിയിലെ ഐഒസി എല്‍പിജി പ്ലാന്റ് ആണ് ഭീകരശബ്ദത്തോടെ രാത്രിയില്‍ പൊട്ടിത്തെറിച്ചു ആളിക്കത്തിയത്. ആ പ്ലാന്റിനും ഉണ്ടായിരുന്നു അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍!

2011-ല്‍ ഐഒസി യുടെ നേവി മുംബൈ പ്‌ളാന്റില്‍ ആണ് അപകടം ഉണ്ടായത്. അങ്ങനെ കണക്കെടുത്താല്‍ പോയ ഇരുപതു വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്ലാന്റ് അപകടങ്ങള്‍ ഉണ്ടാക്കിയ സ്ഥാപനം കൂടിയാണ് ഐഒ സി. ഇതൊന്നും ഞാന്‍ പറയുന്നതല്ല. വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഉള്ള സംഭവങ്ങളാണ്.

ഇനി വിദേശത്തേക്ക് നോക്കിയാലോ? പോയ വര്‍ഷം ഡിസംബറില്‍ ഘാനയിലെ അക്രയില്‍ ഡൊമാസു ഗ്യാസ് ലിമിറ്റഡ് കമ്പനിയുടെ സകല അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ച സംഭരണശാല പൊട്ടിത്തെറിച്ചു. വാതകയിന്ധന സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ ലോകത്തെ അവസാനവാക്കായ അമേരിക്കയിലെ വാഷിങ്ടണില്‍ വില്യംസ് കമ്പനിയുടെ ുഹ്യാീൗവേ എല്‍എന്‍ജി ടെര്‍മിനലില്‍ സ്‌ഫോടനമുണ്ടായത് 2013 ജനുവരി 13നാണ്. ഓര്‍ക്കണം, മുതലാളിത്ത വികസനത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന അമേരിക്കയില്‍പ്പോലും ആ പ്ലാന്റിനെതിരെ കനത്ത ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആ സമരത്തെ അമേരിക്ക പക്ഷേ, ‘തീവ്രവാദം’ എന്നു വിളിച്ചില്ല!
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്തിന്റെ പലഭാഗത്തായി ചെറുതും വലുതുമായ അഞ്ഞൂറിലേറെ എല്‍എന്‍ജി, എല്‍പിജി ടെര്‍മിനല്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അതിനൊക്കെ കണക്കുകളും തെളിവുകളുമുണ്ട്. എന്നിട്ട് ആ സത്യം മറച്ചുവച്ച് അധികാരികള്‍ കേമന്മാരായി ചമയുകയും സത്യം പറയുന്ന വൈപ്പിന്‍കാരെ ‘അറിവില്ലാത്തവര്‍’ ആക്കുകയും ചെയ്യരുത്. അതാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.

ഐഒസിയും രാഷ്ട്രീയക്കാരും ഭരണകൂടവും പൊലീസും എല്ലാം ചേര്‍ന്നുനിന്നു നടത്തുന്ന ആ കള്ളത്തരമുണ്ടല്ലോ, ‘വികസനം, വികസനം’ എന്നാര്‍ത്തുവിളിച്ച് പട്ടിണിപ്പാവങ്ങളെ ചൂളയിലേക്ക് എറിഞ്ഞുകൊടുക്കുന്ന ഏര്‍പ്പാട്, അതിനെയാണ് ചെറിയൊരു കുറിപ്പിലൂടെ ചോദ്യം ചെയ്തത്. വസ്തുതകള്‍ മാത്രമാണ് നിരത്തിവച്ചതത്രയും. ഞാനവിടെത്തന്നെ നില്‍ക്കുന്നു, ഒരിഞ്ച് പിന്മാറാതെ. എല്‍പിജി സംഭരണശാലയുടെ അപായസാധ്യയതയെപ്പറ്റി പുതുവൈപ്പുകാര്‍ പറയുന്ന ഓരോ വാക്കും നൂറുശതമാനം സത്യമാണ്! ലോകത്തു ആണവോര്‍ജനിലയങ്ങളും വാതകസംഭരണശാലകളും റിഫൈനറികളും ഒക്കെയുള്ള ഏതു മേഖലയ്ക്കും കടുത്ത അപകടസാധ്യതയുണ്ട്. നേരത്തെയുള്ള എല്‍ എന്‍ ജി പ്ലാന്റുകളും ഇപ്പോള്‍ ഐ ഒ സി നടത്തുന്ന നിയമലംഘനങ്ങളും കൂടി ചേരുമ്പോള്‍ വൈപ്പിന്‍ ശരിക്കും ഒരു അഗ്‌നിപര്‍വതം തന്നെയാണ്.
നുണ, കല്ലുവച്ച നുണ പറയുന്നത് ഭരണകൂടമാണ്! വസ്തുതകള്‍വച്ച് നിങ്ങള്‍ക്ക് ഖണ്ഡിക്കാമെങ്കില്‍ ആവാം.

‘സഖാക്കളോട്’ പറഞ്ഞിട്ടു കാര്യമുണ്ടോ എന്നറിയില്ല. പക്ഷേ, ഒന്നുണ്ട്. ‘വികസനം… വികസനം’ എന്ന അലറിവിളിക്കുമേല്‍ ചില ‘തിരിച്ചാലോചനകള്‍’ ലോകമാകെ മെല്ലെയെങ്കിലും വ്യാപിക്കുന്നുണ്ട്. ‘അതിസുരക്ഷിത’മെന്ന് ജപ്പാന്‍ അഹങ്കാരം പൂണ്ടിരുന്ന ഫുകുഷിമ ആണവനിലയം ഒരൊറ്റ സൂനാമിയില്‍ തകര്‍ന്നടിഞ്ഞ് ചുറ്റുപാടും അതിമാരക റേഡിയേഷന്‍ വിതറിയ സംഭവം കഴിഞ്ഞ് അഞ്ചു വര്‍ഷമേ ആയിട്ടുള്ളൂ. സുരക്ഷിതമെന്ന് പേരുകേട്ട ആണവനിലയങ്ങളുടെ ചുറ്റുപാടുകളില്‍പ്പോലും കാന്‍സര്‍ നിരക്ക് ആറു മുതല്‍ പത്തുവരെ ഇരട്ടിയാണെന്ന് അടുത്തിടെ നടന്ന മിക്ക പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

 

ഇതിന്റെയൊക്കെ വെളിച്ചത്തില്‍ വികസിതമുതലാളിത്ത രാജ്യങ്ങളില്‍പ്പോലും ജനങ്ങള്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്, ‘ശരിക്കും എന്താണ് വികസനം? ജനങ്ങളെ മരണമുനമ്പുകളില്‍ എറിഞ്ഞുകൊടുക്കാതെ വികസനം സാധ്യമാണോ? ഇത്രകാലവും നാം ധരിച്ചുവച്ചതാണോ ശരിയായ വികസനം? ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ‘ബോംബു സംഭരണശാലകള്‍’ തീര്‍ക്കുന്ന വികസനം തിരുത്തി മനുഷ്യനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നൊരു ബദല്‍വികസനം സാധ്യമാണോ?

ലോകത്തെല്ലായിടത്തും ചെറിയ ചെറിയ ഗ്രൂപ്പുകളിലൂടെ ഈ ബദല്‍ചിന്തകള്‍ തളിര്‍ക്കുന്നുണ്ട്. അതുകൊണ്ടൊക്കെയാണ് ചങ്ങാതിമാരേ, വൈപ്പിന്‍കാരല്ലാത്ത മനുഷ്യര്‍പോലും ആ പാവങ്ങളുടെ ഒപ്പം മനസ്സുകൊണ്ട് നിന്നുപോകുന്നത്.
ഒരുപക്ഷേ, പിണറായി വിജയന് ലോകത്തിന്റെ ഈ തിരുത്തല്‍ ചിന്ത മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ, നിങ്ങള്‍ ‘വിപ്ലവ യുവത്വം’ എങ്കിലും അത് തിരിച്ചറിയണം! അതിനു കഴിയില്ലെങ്കില്‍ നിങ്ങള്‍ മേലില്‍ ‘വിപ്ലവം’ എന്നു മിണ്ടരുത്. അതൊരു കോമഡിയായിപ്പോകും!

chandrika: