X

കോഹ് ലിയെ വിമര്‍ശിച്ച ആന്‍ഡേഴ്‌സന് ഇന്‍സമാമിന്റെ മറുപടി

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജയിം ആന്‍ഡേഴ്‌സനെതിരെ മുന്‍ പാക് താരം ഇന്‍സമാമുല്‍ ഹഖ്. ഇന്ത്യന്‍ നായകന്റെ കുറ്റം കണ്ടെത്തുന്നതിന് പകരം ഇന്ത്യയില്‍ വിക്കറ്റെടുക്കാനാണ് ആന്‍ഡേഴ്‌സണ്‍ ആദ്യം ശ്രമിക്കേണ്ടതെന്ന് ഇന്‍സമാം പറഞ്ഞു. കോഹ്‌ലിയുടെ ഫോം ഇന്ത്യയിലായത് കൊണ്ടാണെന്നും വിദേശത്താണെങ്കില്‍ പെട്ടെന്ന് പുറത്താകുമെന്നുമായിരുന്നു ആന്‍ഡേഴ്‌സന്റെ വിമര്‍ശനം.

കോഹ്‌ലിയെപ്പറ്റിയുള്ള ആന്‍ഡേഴ്‌സന്റെ വാക്കുകള്‍ എന്നെ അല്‍ഭുതപ്പെടുത്തി, ആന്‍ഡേഴ്‌സണ്‍ ഇന്ത്യയില്‍ വിക്കറ്റ് എടുക്കുന്നത് കണ്ടിട്ടില്ലെന്ന പരിഹാസവും ഇന്‍സമാം നടത്തി. ഇംഗ്ലണ്ടില്‍ ഫോമിലായാല്‍ മികച്ച ബാറ്റ്‌സമാനെന്ന പട്ടം ലഭിക്കുമെന്നാണോ ആന്‍ഡേഴ്‌സണ്‍ ഉദ്ദേശിക്കുന്നതെന്നും തങ്ങളുടെ ഉപഭൂഖണ്ഡങ്ങളിലല്ലാത്ത സ്ഥലങ്ങളില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തപ്പിത്തടയാറില്ലേയെന്നും ഇന്‍സമാം ചോദിച്ചു.

ഇന്ത്യക്കെതിരായ പരമ്പര തോറ്റതിന് പിന്നാലെയാണ് ജയിംസ് ആന്‍ഡേഴ്‌സന്റെ വിമര്‍ശനം. അതേസമയം ആന്‍ഡേഴ്‌സന്റെ പരാമര്‍ശത്തിനെതിരെ മുന്‍ താരങ്ങളും രംഗത്ത് എത്തിയിരുന്നു. ആന്‍ഡേഴ്‌സന് ഇന്ത്യയില്‍ തിളങ്ങാനായിരുന്നില്ല. ചെന്നൈയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.

chandrika: