ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെട്ട ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിയെ ഡല്‍ഹി കോടതി കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 31 വരെയാണ് കസ്റ്റഡി കാലാവധി. നേരത്തെ അഅന്വേഷണ സംഘം മുഖര്‍ജിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കാര്‍ത്തി ചിദംബരം കൈക്കൂലി വാങ്ങിയതായി ഐഎന്‍എക്‌സ് മീഡിയ ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജിയും ഭാര്യ ഇന്ദ്രാണി മുഖര്‍ജി യും അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്#ുന. ഇതിനെ തുടര്‍ന്നാണ് പീറ്ററിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടത്. ഇരുവരും ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കിയതില്‍ അനധികൃത ഇടപെടല്‍ ഉണ്ടെന്നാണ് കേസ്. ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ 2007ല്‍ ഐഎന്‍എക്‌സ് മീഡിയയ്ക്ക് 486 കോടി രൂപ വിദേശനിക്ഷേപം പ്രോത്സാഹന ബോര്‍ഡ് വഴി അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍.
വ്യവസ്ഥകള്‍ പ്രകാരം കമ്പനിയ്ക്ക് 4.6 കോടി മാത്രമേ അര്‍ഹതയുള്ളു. ഇതില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് സിബിഐ ആരോപിക്കുന്നു. ഈ കാലയളവില്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇതു സംബന്ധിച്ച സേവനങ്ങള്‍ക്കായി ഐഎന്‍എക്‌സില്‍ നിന്ന് കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കാര്‍ത്തി ചിദംബരത്തെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.