ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരത്തിനെതിരെ സിബിഐ ഡല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അടക്കം പതിനാല് പേരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
ഐഎന്‍എക്‌സ് മീഡിയയുടെ മുന്‍പത്തെ ഉടമകളായ പീറ്റര്‍ മുഖര്‍ജിയേയും ഇന്ദ്രാണി മുഖര്‍ജിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. കുറ്റപത്രത്തിന്മേലുള്ള വാദം തിങ്കളാഴ്ച നടക്കും.
വ്യാഴാഴ്ച കേസില്‍ പി ചിദംബരത്തെ ഈ മാസം 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴ് ദിവസം മാത്രം അനുവദിക്കുകയായിരുന്നു. ഡല്‍ഹി റോസ് അവന്യു കോടതിയുടേതായിരുന്നു നടപടി.
ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശത്തുനിന്ന് മുതല്‍ മുടക്ക് കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതില്‍ അഴിമതി നടന്നെന്നാണ് സിബിഐയുടെ കേസ്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കേസില്‍ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ്.