X

ലോകത്തെ ഞെട്ടിച്ച് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പിശുക്ക്; ഹാരിയുടെ വിവാഹത്തിന് വരുന്നവര്‍ ഭക്ഷണം കൊണ്ടുവരണമെന്ന് നിര്‍ദേശം

ലണ്ടന്‍: ഹാരി രാജകുമാരനും മേഗന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ ലോകത്തെ അമ്പരിപ്പിക്കുന്ന വാര്‍ത്തകളാണ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് പുറത്തുവരുന്നത്. ഹാരിയുടെ വിവാഹത്തിന് ക്ഷണിക്കപ്പെട്ട് കൊട്ടാരത്തിലെത്തുന്ന സാധാരണക്കാരായ അതിഥികള്‍ സ്വയം ഭക്ഷണം കൊണ്ടുവരണമെന്ന നിര്‍ദേശമാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന വാര്‍ത്ത.

വിവാഹചടങ്ങില്‍ ശീതളപാനീയവും ലഘുഭക്ഷണവും മാത്രം കൊട്ടാരത്തില്‍ നിന്ന് നല്‍കുകയുള്ളുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഭക്ഷണം ഉണ്ടാകില്ലെന്ന കാര്യം ക്ഷണക്കത്തില്‍ സൂചിപ്പിക്കാന്‍ വിട്ടു പോയതിനു പിന്നാലെയാണ് ഭക്ഷണം സ്വന്തമായി കരുതണമെന്ന നിര്‍ദേശമെത്തിയത്.

രാജകീയ വിവാഹത്തിന് ക്ഷണം ലഭിച്ചവരില്‍ 2640 അതിഥികളില്‍ 1200 പേര്‍ സാധാരണക്കാരാണ്. വിന്‍സര്‍ കൊട്ടാരവളപ്പിനുള്ളിലെ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നടക്കുന്ന വിവാഹം കാണുന്നതിന് അവസരം വിഐപി അതിഥികള്‍ക്കു മാത്രമാണുള്ളത്. ബാക്കിയുള്ളവര്‍ കൊട്ടാര വളപ്പിലെ മൈതാനത്തില്‍ ഇരിക്കണം.വിവാഹ ചടങ്ങ് നാലു മണിക്കൂറിലധികം നീളുന്നതിനാല്‍ ഭക്ഷണ പൊതി വീട്ടില്‍ നിന്ന് കൊണ്ടുവരണമെന്നാണ് അറിയിപ്പിലുള്ളത്.

പൊതുപ്രവര്‍ത്തകര്‍ക്കു പുറമെ ജീവകാരുണ്യസംഘടനകളുടെ 200 പ്രതിനിധികള്‍ വിന്‍സര്‍ കമ്മ്യൂണിറ്റിയിലെ 610 അംഗങ്ങള്‍, രാജകൊട്ടാരത്തിലെ 530 ജീവനക്കാര്‍, സമീപത്തെ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഹാരിയുടെയും മേഗന്റെയും വിവാഹത്തിനു വേണ്ടി 40 കോടി പൗണ്ട് വകയിരുത്തിയ രാജകുടുംബം സാധാരണക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് കാണിച്ച പിശുക്കിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. അതിഥികളെ അപമാനിക്കുന്നതാണ് രാജകുടുംബത്തിന്റെ തീരുമാനമെന്നും ഇതിലും ഭേദം ക്ഷണിക്കപ്പെടാതിരിക്കുകയായിരുന്നു നല്ലതെന്നുമാണ് ജനങ്ങളുടെ പ്രതികരണം.

വിവാഹത്തില്‍ നിന്ന് പിന്മാറുന്നതിന് ഹാരി രാജകുമാരന് മേഗന്‍ മെര്‍ക്കലിന്റെ സഹോദരന്‍ തോമസ് മെര്‍ക്കല്‍ കത്തയച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം. ഒട്ടും താമസിച്ചിട്ടില്ലെന്നും മേഗനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. മേഗനുമായുള്ള ഹാരിയുടെ വിവാഹം നടന്നാല്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവാഹ ചരിത്രങ്ങളില്‍ ഏറ്റവും വലിയ പിഴവായിരിക്കും അതെന്നായിരുന്നു തോമസ് കത്തില്‍ പറഞ്ഞത്.

chandrika: