എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ഓര്‍ഡര്‍ ചെയ്യാം വാങ്ങാന്‍ സാധിക്കില്ല. 4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിയതായാണ് വിവരം. വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളും സന്ദേശങ്ങളും വഴിയാണ് ഈ തട്ടിപ്പിന്റെയും തുടക്കം.
എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫര്‍ണിച്ചര്‍ വാങ്ങണം. 680 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫര്‍ണിച്ചറുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്്. പക്ഷേ ഇവ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനേ സാധിക്കുകയുള്ളു. ഫര്‍ണിച്ചര്‍ ലഭിക്കില്ല. പകരമായി ലാഭവിഹിതം എന്ന നിലയില്‍ നിശ്ചിത തുക ഓണ്‍ലൈനില്‍ തന്നെ ലഭിക്കും. ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ 680 രൂപയ്ക്ക് വാങ്ങിയ ഫര്‍ണിച്ചറില്‍ നിന്ന് 1224 രൂപ തിരികെ ലഭിക്കും എന്നതാണ് വാഗ്ദാനം. വീട്ടമ്മമാരാണ് ഈ തട്ടിപ്പില്‍ കൂടുതലും ഇരയാക്കപ്പെട്ടിട്ടുള്ളത്.
680 രൂപമുടക്കി ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ 115 രൂപ വെല്‍ക്കം ബോണാസായി ലഭിക്കും. ശേഷം ഓരോ ദിവസവും 680 ന് പരമാവധി 30 രൂപ എന്ന നിരക്കില്‍ വെബ്‌സൈറ്റ് അകൗണ്ടില്‍ ബാലന്‍സ് കാണിക്കും. 120 രൂപയാകുമ്പോള്‍ ബാലന്‍സ് അക്കൗണ്ടിലേക്ക് മാറ്റാം. ഒരുമാസമാകുന്നതോടെ നികുതി എല്ലാം പിടിച്ച ശേഷം 680 ന്റെ മൂല്യം 1224 രൂപയായി മാറും. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിച്ചവര്‍ വിശ്വാസം വന്നതോടെ കൂടുതല്‍ തുക ഈ വെബ്സൈറ്റില്‍ നിക്ഷേപിച്ചു തുടങ്ങി.
10,000 രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് 10 ഇരട്ടിയാകുമെന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ മാസം ഒരു ഓഫര്‍ വന്നിരുന്നു. മുമ്പ് ഈ വെബ്‌സൈറ്റില്‍ ഇടപാടു നടത്തിയവര്‍ 50,000 രൂപ മുതല്‍ 3 ലക്ഷം വരെ പുതിയ ഓഫറിലും നിക്ഷേപിച്ചു. വന്‍ തുക നിക്ഷേപം സ്വീകരിച്ച ശേഷം വെബ്‌സൈറ്റ് അപ്രതീക്ഷമായി. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ വെബ്‌സൈറ്റ് ലഭിക്കുന്നില്ല. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ നിക്ഷേപിച്ചവര്‍ പരാതികളുമായി മുന്നോട്ടു പോവുകയാണ്.