X

വാര്‍ഷിക നിക്ഷേപക സമ്മേളനം ദുബൈയില്‍; ശൈഖ് മുഹമ്മദ് പങ്കെടുത്തു

 

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച വാര്‍ഷിക നിക്ഷേപക സമ്മേളനത്തി(എഐഎം)ന്റെ ഉദ്ഘാടന സെഷനില്‍ സംബന്ധിച്ചു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍മക്തൂം, ദുബൈ റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ശൈബാനി, ദുബൈ പ്രൊട്ടോകോള്‍ ആന്റ് ഹോസ്പിറ്റാലിറ്റി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
യുഎഇ സാമ്പത്തിക മന്ത്രാലയം തുടര്‍ച്ചയായ എട്ടാം വര്‍ഷമാണീ പരിപാടി ഒരുക്കുന്നത്. 140 രാജ്യങ്ങളില്‍ നിന്നുള്ള പൊതു-സ്വകാര്യ മേഖലകളിലെ പ്രതിനിധികളാണ് ത്രിദിന പരിപാടികളില്‍ പങ്കെടുക്കുന്നത്. രാജ്യാന്തര നിക്ഷേപ സമൂഹത്തിന്റെയും അക്കാദമിക് വിദഗ്ധരുടെയും ഏറ്റവും ശ്രദ്ധാര്‍ഹമായ ആഗോള തലത്തിലുള്ള പ്രോഗ്രാമാണിത്.
നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കാന്‍ ആവശ്യമായ വിവരങ്ങളും തന്ത്രങ്ങളും ആസൂത്രണവും ഈ സമ്മേളനം മുന്നോട്ടു വെക്കുന്നു. ഉദ്ഘാടന സെഷനില്‍ എഫ്ഡിഐക്ക് വേണ്ടിയുള്ള ഇപ്‌ളാറ്റ്‌ഫോം യുഎഇ സാമ്പത്തിക മന്ത്രാലയം പുറത്തിറക്കി. എഫ്ഡിഐ പ്രവാഹം രേഖപ്പെടുത്താന്‍ ഇത് സഹായിക്കും. നിക്ഷേപകരുടെ ആഗോള വിഭാഗത്തിന് യുഎഇയിലെ എഫ്ഡിഐ അവസരങ്ങള്‍ സംബന്ധിച്ച പ്രോല്‍സാഹനവും നല്‍കുന്നതാണ്.

chandrika: