X

ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; മന്ത്രി ജലീലിനെയും ബിനീഷ് കോടിയേരിയെയും വീണ്ടും ചോദ്യം ചെയ്യും

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കെടി ജലീലിനെയും ബിനീഷ് കോടിയേരിയെയും ചോദ്യം ചെയ്തത്തോടെ കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടന്നു. ഇരുവരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയട്ടുള്ളത്. മന്ത്രി ജലീലിനേയും, ബിനീഷിനേയും വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിളിപ്പിക്കും.

മത ഗ്രന്ഥങ്ങള്‍ എടപ്പാളിലേക്ക് കൊണ്ടുപോകുന്നതിനിടെ സിഡാക്കിന്റെ വാഹനത്തിലെ ജിപിഎസ് അപ്രത്യക്ഷമായതില്‍ ദുരൂഹത നിലനില്‍ക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നു. ഇക്കാര്യത്തില്‍ മന്ത്രിക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ വ്യക്തത വരുത്തിയ ശേഷമാവും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുക.

ഇന്നലെ രാവിലെ കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തത്. രാവിലെ ഒന്‍പത് മണിമുതല്‍ 11 മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ തന്നെ മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യല്‍ അതീവ രഹസ്യമായിട്ടായിരുന്നു.

വളരെ നാടകീയമായാണ് ജലീല്‍ ചോദ്യം ചെയ്യലിനെത്തിയത്. ഔദ്യോഗിക കാര്‍ അരൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് സുഹൃത്തിന്റെ ഗ്ലാസ് മറച്ചുവെച്ച കാറിലായിരുന്നു യാത്ര. തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം മലപ്പുറത്തേക്ക് മടങ്ങി. മാധ്യമപ്രവര്‍ത്തകരടക്കം അദ്ദേഹത്തോട് ഇഡി ചോദ്യം ചെയ്‌തോ എന്നു ചോദിച്ചപ്പോള്‍ ഇല്ല എന്ന് കള്ളം പറയുകയായിരുന്നു.എന്നാല്‍ വൈകുന്നേരത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി രംഗത്തെത്തി. ഇതോടെ ജലീലിന്റെ വളാഞ്ചേരിയിലെ വസതി, സെക്രട്ടേറിയറ്റ് എന്നിവയടക്കമുള്ള സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധമാണ് രൂപപ്പെട്ടത്.

മന്ത്രിയുടെ വീടിനു മുന്നില്‍ ഔദ്യോഗിക കാര്‍ ഉണ്ടായിരുന്നില്ല. മന്ത്രി വീട്ടിലില്ലെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ചോദ്യം ചെയ്യല്‍ പുറത്തുവന്നതിനു ശേഷം അദ്ദേഹം ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

 

web desk 1: