X

നടിയെ ആക്രമിച്ച കേസ് : ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

യുവനടി കൊച്ചിയില്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപിനെ എട്ടാം പ്രതി ചേര്‍ത്തിട്ടുള്ള കുറ്റപത്രം ഇന്നു കോടതിയില്‍ സമര്‍പ്പിക്കും. മഞ്ജു വാരിയര്‍ പ്രധാന സാക്ഷിയാകും എന്നാണ് സൂചന. സിനിമ മേഖലയിലെ 50 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ സിനിമ മേഖലയിലെ അടക്കം 385 പേരെയാണ് സാക്ഷികളായി ഉള്‍പ്പെടുത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍  പൊലീസ് കുറ്റപത്രത്തില്‍  പള്‍സര്‍ സുനിയും നടന്‍ ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്ന നിലപാടാണ് അനുബന്ധ കുറ്റപത്രത്തില്‍ പൊലീസ് നേരത്തെ സ്വീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം. എന്നാല്‍ ഇത്തരമൊരു കുറ്റപത്രം സമര്‍പ്പിച്ചാല്‍ കേസ് നിലനില്‍ക്കില്ല എന്ന നിയമോപദേശം ലഭിച്ചതോടെ ഇതില്‍ നിന്നു പിന്നോട്ടുപോയി ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ള പുതിയ കുറ്റപത്രം ഇന്നു സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. മുന്നൂറിലേറെ സാക്ഷികളും 450ല്‍ അധികം രേഖകളുമുള്ളതാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ള പുതിയ കുറ്റപത്രം. നടിക്ക് നേരെ അക്രമം നടത്താന്‍ ദിലീപ് വാടക ഗുണ്ടകളെ ഉപയോഗിച്ചുവെന്നും ഇതില്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

കഴിഞ്ഞ ജൂലൈ പത്തിനാണ് നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപിന് നാലു ദിവസത്തേക്ക് വിദേശത്ത് പോകാനുള്ള അനുവാദവും ഇന്നലെ കോടതി കൊടുത്തിരുന്നു.

chandrika: