കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളന വേദിയില്‍ ആണ് ജോസ് കെ മാണിയുടെ തോല്‍വി പ്രധാന ചര്‍ച്ചയായി. ജോസ് കെ മാണിയുടെ തോല്‍വിയില്‍ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷണന്‍ റിപ്പോര്‍ട്ടിനെതിരെ യോഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഉണ്ടായത്. തട്ടിക്കൂട്ടി ഉണ്ടാക്കിയ റിപ്പോര്‍ട്ട് ആണ് പാലായിലെയും കടുത്തുരുത്തിയിലെയും തെരഞ്ഞെടുപ്പ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. പാലായിലും കടുത്തുരുത്തിയിലും ജാഗ്രതക്കുറവുണ്ടായി എന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജാഗ്രതക്കുറവുണ്ടായി എന്നു പറയുമ്പോള്‍ അത് ആര്‍ക്കാണ് ഉണ്ടായത് എന്ന് കൃത്യമായി വിശദീകരിക്കുന്നില്ല എന്നാണ് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണ ഗതിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടായാല്‍ അതിനെതിരെ നടപടി എടുക്കുകയാണ് പാര്‍ട്ടി രീതി. പക്ഷേ ജാഗ്രതക്കുറവുണ്ടായി എന്നത് പറയുമ്പോഴും ആര്‍ക്കാണ് ഉണ്ടായത് എന്ന് വിശദീകരിക്കാത്തതുകൊണ്ട് നടപടിയെടുക്കാന്‍ ആകുന്നില്ല എന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഫലത്തില്‍ ഇതൊരു തട്ടിക്കൂട്ട് റിപ്പോര്‍ട്ട് ആണ് എന്നും നേതാക്കള്‍ യോഗത്തില്‍ വിമര്‍ശിച്ചു.
ജോസ് കെ മാണിയുടെ ഞെട്ടിക്കുന്ന തോല്‍വിയെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. ജോസ് കെ മാണിയുടെ പരാതി പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന നേതൃത്വം അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ജില്ലാ നേതൃത്വം ആണ് സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് രണ്ടംഗ കമ്മീഷനെ നിയോഗിച്ചത്. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ടി ജോസഫ്, ടി ആര്‍ രഘുനാഥ് എന്നിവര്‍ അംഗങ്ങളായി രണ്ടംഗ കമ്മീഷനെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് ഇവര്‍ റിപ്പോര്‍ട്ട് ജില്ലാ നേതൃത്വത്തിന് കൈമാറിയത്.