പൊതുവിപണിയിലെ പൊള്ളുന്ന വിലക്കയറ്റത്തിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസം സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭിക്കുന്ന മാവേലി സ്റ്റോറുകളാണ്. എന്നാൽ വിപണയിൽ വലിയവില ഉൽപ്പന്നങ്ങളുടെ അളവ് വെട്ടിക്കുറച്ചതാണ് ഇപ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കുന്നത്.
പൊതുവിപണിയിൽ വലിയ വിലയുളള ഉഴുന്ന്, കടല, ചെറുപയർ, തുവര പരിപ്പ് എന്നീ സാധനങ്ങളാണ് അര കിലോഗ്രാമായി പരിമിതപ്പെടുത്തിയത്.
സാധനങ്ങളുടെ സ്റ്റോക്ക് കുറഞ്ഞത് കൊണ്ടാണ് സബ്സിഡി സാധനങ്ങളുടെ അളവ് കുറച്ചതെന്നാണ് വിശദീകരണം. വൈദ്യുതി നിരക്ക് വർധനക്ക് പിന്നാലെ സാധാരണക്കാർക്ക് മറ്റൊരു തിരിച്ചടി കൂടി. സാമ്പാറിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ തുവരപരിപ്പ്, ദോശ,ഇഡലി എന്നിവയുടെ മുഖ്യചേരുവയായ ഉഴുന്ന്, പ്രിയവിഭവങ്ങളൊരുക്കാൻ ഉപയോഗിക്കുന്ന കടല, ചെറുപയർ എന്നിവ ഇപ്പോൾ അര കിലോഗ്രാം വീതമേ നൽകുന്നുളളു. പീപ്പീൾസ് ബസാറിലും മാവേലി സ്റ്റോറുകളിലും ഇതാണ് സ്ഥിതി.
ഒരു മാസത്തേക്ക് വേണ്ട സാധനങ്ങൾ വാങ്ങാനെത്തുന്ന ആളുകൾക്ക് പകുതി അളവ് സാധനങ്ങളേ കിട്ടുന്നുളളു. ഒന്നര വർഷമായ സപ്ളൈകോയിൽ അവശ്യസാധനങ്ങൾക്ക് കടുത്ത ക്ഷാമമായിരുന്നു അത് പരിഹരിച്ചിട്ട് കഷ്ടിച്ച് രണ്ട് മാസമേ ആയിട്ടുളളു അതിനിടെ വീണ്ടും പ്രതിസന്ധി പിടികൂടുന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.