X

ലഹരി നുരയുന്ന ആഘോഷങ്ങള്‍-എഡിറ്റോറിയല്‍

‘പ്രിയ രക്ഷിതാക്കളേ, ചില വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ് വെക്കേഷനിലെ ഒരു ദിവസം ഒരു ഓഡിറ്റോറിയത്തില്‍ വെച്ച് ചില ആഗോ, പരിപാടികള്‍ സംഘടിപ്പിക്കുന്നതായി അറിയാന്‍ സാധിച്ചു. അധ്യാപകരുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തുന്ന ഈ പരിപാടിക്ക് സ്‌കൂളുമായി യാതൊരു ബന്ധവുമില്ല എന്നറിയിക്കുന്നു. പ്രസ്തുത പരിപാടിയില്‍സ്‌കൂള്‍ അധ്യാപകരുടെയോ സ്‌കൂള്‍ അധികൃതരുടെയോ സാനിധ്യമുണ്ടായിരിക്കുന്നതല്ലെന്നും പരിപാടിയുടെ പൂര്‍ണ ഉത്തരവാദിത്തം അതു സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അതില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായിരിക്കും എന്നും അറിയിക്കുന്നു’.

ഈ ക്രിസ്മസ് വെക്കേഷനില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ ക്രിസ്മസ് ആഘോഷം എന്ന നിലയില്‍ വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന സ്വകാര്യ കൂട്ടായ്മകളെ കുറിച്ച് നമ്മുടെ നാട്ടിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍ ഇറക്കിയ മുന്നറിയിപ്പാണ് മുകളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ കെണിയില്‍ വീഴ്ത്താന്‍ ലഹരി സംഘങ്ങള്‍ ആണ് ഇത്തരം പരിപാടികള്‍ക്ക് പിന്നിലെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് അധികൃതര്‍ക്ക് നല്‍കേണ്ടി വരുന്നത്.
ആഘോഷങ്ങള്‍ ഏതുമാകട്ടെ, ലഹരിയാണ് മുഖ്യം എന്ന അവസ്ഥയിലേക്കാണ് നമ്മുടെ നാട് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ക്രിസ്മസ് കഴിഞ്ഞ് ന്യൂ ഇയര്‍ ആഘോഷത്തിലേക്ക് നാം നീങ്ങുമ്പോഴും ഇവിടെയെല്ലാം യഥാര്‍ത്ഥ വില്ലനായി നിലകൊള്ളുന്നത് ലഹരിയുടെ വിപണനവും ഉപയോഗവുമാണ്. യുവാക്കളേയും വിദ്യാര്‍ത്ഥികളെയുമെല്ലാം വരുതിയിലാക്കാന്‍ ലഹരി സംഘങ്ങള്‍ പാത്തും പതുങ്ങിയും നില്‍ക്കുന്ന കാഴ്ച്ചക്കാണ് നമ്മുടെ നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അതിനായി അത്തരം സംഘങ്ങള്‍ സര്‍വ സജ്ജീകരണവുമായി നിലകൊളളുകയാണ്. ന്യൂ ഇയര്‍ ആഘോഷത്തിന്റെ പേരിലും വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയുമെല്ലാം പേരിലും പാര്‍ട്ടികള്‍ ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍.

ലഹരിയുടെ വിപണനവും ഉപയോഗവും സര്‍വവ്യാപിയായി മാറുന്ന ഭീതിതമായ സാഹചര്യത്തിലൂടെയാണ് കേരളം ഇന്നു കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ന്യൂജന്‍ ലഹരി വസ്തുക്കളുമായി ദിനംപ്രതി പൊലീസിന്റെ പിടിയിലായിക്കൊണ്ടിരിക്കുന്ന യുവാക്കളുടെ കണക്കുകള്‍ തന്നെ ഈ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്നുണ്ട്. ഇത്തരം സംഘങ്ങളില്‍ വിരലിലെണെന്നാവുന്നവര്‍ മാത്രമേ പിടിയിലാവുന്നുളളൂ എന്നതു കൂടി പരിഗണിക്കുമ്പോഴാണ് ലഹരി മാഫിയയുടെ വൈപുല്യത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കുക. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനം എന്നതാണ് ഏറ്റവും അപകടകരമായ കാര്യം. പ്രത്യേകിച്ച് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളെ. മുമ്പൊക്കെ കോളജുകളായിരുന്നു ഇവരുടെ ലക്ഷ്യമെങ്കില്‍ അതിനേക്കാള്‍ വലിയ മാര്‍ക്കറ്റാണ് സകൂളുകള്‍ എന്ന തിരിച്ചറിവിലാണ് അവര്‍. അതുകൊണ്ടു തന്നെ ഈ പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഒരു ഉള്‍ഭയം മനസില്‍ സൂക്ഷിക്കുന്ന അവസ്ഥയിലാണ്.

കേരളത്തില്‍ ലഹരിയുടെ ഉപയോഗത്തില്‍ ക്രമാതീതമായ വര്‍ധനവാണുണ്ടാകുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം സൂചിപ്പിക്കുന്നു. ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പടിക്കുന്ന സ്ഥാപനങ്ങള്‍ മുതല്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ ഈ ഭീഷണിയുടെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ലാത്ത അവസ്ഥയാണ്. ലോകത്തിലെ തന്നെ മയക്കുമരുന്നിന്റെ ഹബ്ബായി നമ്മുടെ സംസ്ഥാനത്തെ പല നഗരങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സിനിമാ, സീരിയല്‍ മേഖലകളിലെല്ലാം നടക്കുന്ന ലഹരിയുടെ വ്യാപനത്തിന്റെ തെളിവുകള്‍ ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ഷന നടപടികള്‍ സ്വീകരിക്കുമെന്ന് താര സംഘടനയായ അമ്മയുടെ ബൈലോയില്‍ ഭേദഗതി വരുത്തേണ്ടി വരേ വന്നിരിക്കുകയാണ്. എതിര്‍ക്കുന്നവര്‍ ആരായാലും അവരെ ഒരു തെളിവും അവശേഷിപ്പിക്കാത്ത വിധം ശാരീരികമായി ഇല്ലായ്മ ചെയ്യാനുള്ള അവസ്ഥയിലേക്ക് വരെ ലഹരി മാഫിയകള്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കിറ്റെക്‌സ് തൊഴിലാളികളായ ഇതര സംസ്ഥാനക്കാര്‍ പൊലീസിനുനേരെ നടത്തിയ, നമ്മുടെ നാടിന് അപരിചിതമായ രീതിയിലുള്ള ആക്രമണങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ വില്ലന്‍ ലഹരിയാണെന്ന് എല്ലാവരും ഒരുപോലെ സമ്മതിച്ചിരിക്കുകയാണ്. നാടിനെ നടുക്കിക്കൊണ്ടിരിക്കുന്ന ക്രൂരമായ പല സംഭവങ്ങള്‍ക്കു പിന്നിലും ലഹരി തന്നെയാണ്. ഈ വിപത്തിനെതിരായ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന്റെ ആവശ്യകതയാണ് ഓരോ പ്രഭാതങ്ങളും വിളിച്ചറിയിക്കുന്നത്.

 

Test User: