X

ലഹരിയില്‍ മുങ്ങുന്ന യുവത്വം- മൊയ്തു പി.കെ തിരുവള്ളൂര്‍

മൊയ്തു പി.കെ തിരുവള്ളൂര്‍

മനുഷ്യന്റെ ആയുസ് കാലങ്ങളില്‍ വെച്ച് ഏറ്റവും മഹത്വമേറിയതും ഊര്‍ജ്വസ്വലതയുള്ളതുമായതാണ് യുവത്വം. ആഗ്രഹങ്ങളുടെയും സ്വ ഇച്ഛകളുടെയും കാലമായ ഈ സമയങ്ങളില്‍ കാണുന്നതിന്റെ പിന്നാലെ പോകാനും എന്തും കയ്യിലൊതുക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനുമുള്ള മനക്കരുത്തും ആര്‍ജ്ജവവും ഉടലെടുക്കുന്നു. തനിക്കുള്ള കഴിവും ധൈര്യവും സമൂഹ മധ്യേ പ്രകടിപ്പിക്കാന്‍ വ്യഗ്രത കാണിക്കുകയും ചെയ്യുന്നു. ഏത് സാഹചര്യങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ തിടുക്കവും ആവേശവും ഉല്‍ഭവിക്കുന്നത് യുവത്വത്തിലാണ്. ആഗ്രഹങ്ങള്‍ക്കൊത്ത് ജീവിതം നയിക്കാനുള്ള കരുത്ത് കൗമാര യുവത്വ കാലത്ത് പ്രകടമാവുന്നു. സമൂഹത്തിന്റെ പുരോഗതിക്കും സമാധാനത്തിനും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ട യുവ തലമുറ അധാര്‍മികതയുടെ നീര്‍ചുഴിലാണ് കഴിഞ്ഞുകൂടുന്നത്. തന്തോന്നിത്തങ്ങളും നീചകൃത്യങ്ങളും യുവാക്കളുടെ കൂടെപ്പിറപ്പായി മാറുകയാണ്.

കുടുംബത്തിന്റെ കെട്ടുറപ്പും ഭദ്രതയും മാനവും കാത്തുസംരക്ഷിച്ചും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജീവിത പുരോഗതിക്കും കഴിവുകള്‍ വിനിയോഗിച്ചും യൗവ്വനം കഴിച്ചുകൂട്ടേണ്ടവര്‍ ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമയാകുന്ന ദയനീയ അവസ്ഥയാണിന്നു കാണുന്നത്. ലഹരിക്കടിമയായവര്‍ പല പേക്കൂത്തുകള്‍ക്കും അനാചാരങ്ങള്‍ക്കും തയ്യാറെടുക്കുന്നു. ലഹരി പദാര്‍ഥങ്ങള്‍ കലര്‍ന്ന ഭക്ഷണ സാധനങ്ങളും മറ്റും ഗുളിക, മിഠായി, മധുര പലാഹാരം, പൊടി, കുത്തിവെപ്പ്, അത്തര്‍ മറ്റു സുഗന്ധങ്ങള്‍ എന്നീ രീതികളിലും നാട്ടിന്‍ പുറങ്ങളില്‍ ധാരാളം വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ലഹരിക്ക് അടിമയായവര്‍ യഥാര്‍ഥ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം അറിയുന്നത് ജീവിതം കൈവിട്ടുപോയ സമയത്തായിരിക്കും. മാനവരാശിയുടെ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യത്തെ മനപൂര്‍വം നശിപ്പിക്കലിലൂടെ സമൂഹത്തിനും രാജ്യത്തിനും മാതൃകയായി വളരേണ്ട നല്ല പൗരന്റെ സേവനമാണ് ഇല്ലാതായി തീരുന്നത്. വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ നശിപ്പിക്കുന്നതാണ് മയക്കുമരുന്നും ലഹരിയും. സൗഹൃദ ഉല്ലാസത്തിനും നേരമ്പോക്കിനും ആഘോഷവേളയിലെ കൊഴുപ്പു കൂട്ടാനും നുണഞ്ഞ് തുടങ്ങിയവര്‍ ഇതിന്റെ വലയില്‍ അകപ്പെട്ട് സ്വയം നശിക്കുന്നു. ഒരു പ്രാവശ്യം ഉപയോഗിച്ചവര്‍ പോലും അവസാനം ഇത് ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നിലക്ക് ചേര്‍ത്തു പിടിക്കുകയാണ്.

മദ്യപാനവും ലഹരിയും ശീലമാക്കിയ കുടുംബങ്ങളില്‍ സ്ത്രീകള്‍ ദുര്‍ബലരാകുന്നു. അവരുടെ ജീവിതം എല്ലായ്‌പ്പോഴും നിരാശയിലും ദു:ഖത്തിലുമായി മാറുന്നു. കുടുംബഭാരം ഒറ്റക്ക് പേറി പേക്കോലമായി മാറുകയും ചെയ്യുന്നു. ലഹരിക്കടിമയായവരുടെ മക്കളും മിക്കവാറും ആ വഴി തന്നെ തിരഞ്ഞെടുത്ത് സംതൃപ്തിയണയുന്നു. രണ്ടോ മൂന്നോ പ്രാവശ്യത്തെ ഉപയോഗം മതി ഒരാളെ ശാശ്വത മയക്കുമരുന്നിന്റെ അടിമയാക്കി മാറ്റാനെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പല രീതിയിലും മയക്കുമരുന്നിനടിമയാണ്. അവരിലേക്ക് ഇതിന്റെ ഉറവിടം എത്തിപ്പെടാന്‍ എളുപ്പത്തിലുള്ള പല മാര്‍ഗങ്ങളും സുലഭമാണ്. ലഹരിയുടെ വലക്കെണിയില്‍ അവരെ വീഴ്ത്താന്‍ അപകടകരമായ അവസ്ഥയില്‍ അവര്‍ക്ക് മീതെ വലിയ മാഫിയകള്‍ റോന്ത് ചുറ്റുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ല. അത്‌കൊണ്ട് തന്നെ സ്‌കൂള്‍, കോളജ് തലത്തില്‍ രക്ഷിതാക്കളും ഉത്തരവാദപ്പെട്ടവരും ചേര്‍ന്ന് ജാഗ്രത വലയം തീര്‍ക്കേണ്ടതുണ്ട്. അതോടൊപ്പം ഇതിന്റെ വിഷ്യത്തിനെ സംബന്ധിച്ച് നിരന്തരം ബോധവത്കരണവും അനിവാര്യമാണ്.

മദ്യം ലഹരി മയക്കുമരുന്ന് എന്നിവയുടെ ഒളിത്താവളം പ്രധാനമായും കലാലയങ്ങളായി മാറിയിരിക്കുകയാണിന്ന്. ക്യാമ്പസുകളില്‍ നടക്കുന്ന അക്രമങ്ങളുടെയും കാരണം രാഷ്ട്രീയമായാലും അല്ലെങ്കിലും ലഹരിയും മയക്കുമരുന്നും പ്രധാന പങ്ക് വഹിക്കുന്നതായി കണ്ടെത്താന്‍ കഴിയും. ആണ്‍ കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് ക്യാമ്പസുകളില്‍ ഇതിന്റെ വാക്താക്കള്‍. സര്‍വേകളില്‍ അറുപത് ശതമാനത്തോളം പെണ്‍കുട്ടികളാണിവക്ക് അടിമയായി മാറുന്നത് എന്ന് വാര്‍ത്ത ഞെട്ടിപ്പിക്കുന്നവയാണ്. വരും ഭാവിയില്‍ വലിയ ഭയാനകരമായ സാഹചര്യത്തിലേക്കാണ് സര്‍വേ വിരല്‍ചൂണ്ടുന്നത്. ഇളം തലമുറ ഇവിടെ നശിക്കുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ ജാഗരൂഗരാവേണ്ടതുണ്ട്. ലഹരിയില്ലാത്ത സമാധാന പൂര്‍ണമായ ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് രാഷ്ട്രപിതാവ് വിഭാവനം ചെയ്തത്. ലഹരി പദാര്‍ഥങ്ങള്‍ നിരോധിച്ചതിലൂടെ അധ:പതിച്ച സാമ്പത്തിക തകര്‍ച്ച നേരിട്ട ഒരു രാജ്യവും ലോക ഭൂപടത്തിലില്ലെന്നിരിക്കെ നിരോധനവും ശിക്ഷയുമാണ് അഭികാമ്യം. ലഹരിക്കടിമയവരെ ഇക്കാലത്ത് ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളിലെത്തിച്ചാല്‍ മോചിപ്പിക്കാവുന്നതാണ്. സമൂഹം അത്തരം കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് ഗൗരവപരമായി ആലോചിക്കുകയും കൗമാരപ്രായക്കാരെയും യുവാക്കളെയും കയറൂരി വിടുന്നത് ഒഴിവാക്കാന്‍ നിയന്ത്രണങ്ങളിലൂടെയും ഉപദേശ പരിഹാരമാര്‍ഗങ്ങളിലൂടെയും ശ്രമിക്കേണ്ടതാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ആഴത്തില്‍ വേരോടിയ ലൈംഗികാരാജകത്വത്തിന്റെ ചിറ്റോളങ്ങള്‍ കേരളത്തിലെ സകല ഗ്രാമങ്ങളും കീഴടക്കിക്കഴിഞ്ഞിരിക്കുന്നുവെന്ന വസ്തുത വേദനിപ്പിക്കുന്നതാണ്. മയക്കുമരുന്നിന്റെയും ലഹരി പദാര്‍ഥങ്ങളുടെയും അശ്ലീലതയുടെയും മായികലോകത്തിലേക്ക് മയങ്ങി വീണു കഴിഞ്ഞുവെന്നതിലേക്കാണിത്തരം നീചപ്രവണതകളുടെ ഹേതുവെന്ന് കണ്ടെത്താനാവുന്നതാണ്.

Test User: