X

മദ്യലഹരിയിലായിരുന്ന അതിഥിത്തൊഴിലാളികളെ ബസില്‍ കയറ്റിയില്ല; ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു

മദ്യപിച്ച് അക്രമാസക്തരായ അതിഥി തൊഴിലാളികളെ ബസ്സില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ പിന്നാലെ എത്തി മര്‍ദ്ദിച്ചു. സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശി ഹൈദരലി (31) ആസം സ്വദേശി സമീര്‍ സൗമിക്ക് (22) എന്നിവരെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു .

മര്‍ദ്ദനത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോഴിക്കോട് കക്കോടി സ്വദേശി കെ ശശികുമാറിനാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകിട്ട് പോത്തന്‍കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലായിരുന്നു സംഭവം. മദ്യപിച്ച് ഇവര്‍ ബസിനു മുന്നിലേക്ക് ചാടി കൈ കാണിച്ചു. ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ബസില്‍ ശക്തമായി അടിച്ചു. എന്നാല്‍ ബസ് ഇതോടെ മുന്നോട്ട് എടുത്തു. പിന്നാലെ മറ്റൊരു ബസ്സില്‍ കയറി ഡ്രൈവറെ പിന്തുടര്‍ന്ന് എത്തിയ സംഘം ശശികുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് അക്രമികളെ പിടികൂടി പൊലീസിന് കൈമാറിയത്.

webdesk11: