X

മെഡി.കോളജിലെ പീഡന ഇരയെ ഭീഷണിപ്പെടുത്തല്‍; പ്രതികള്‍ ഒളിവിലെന്ന് പൊലീസ്

കോഴിക്കോട്: ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ഒളിവിലെന്നു പോലീസ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് അറ്റന്‍ഡറുടെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പടുത്താന്‍ ശ്രമിച്ച കേസിലാണ് പൊലീസ് ഇരുട്ടില്‍തപ്പുന്നത്്. പ്രതികളുടെ വീടുകളിലും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും ഇവരെയാരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു. താത്കാലിക ജീവനക്കാരി ഉള്‍പ്പെടെ ആറുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇവരില്‍ ഒരാള്‍ രേഖകളില്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ് താമസമെങ്കിലും ഈ ക്വാര്‍ട്ടേഴ്സ് വാടകയ്ക്കു മറിച്ചു നല്‍കിയിരിക്കയാണെന്ന് പോലീസ് കണ്ടെത്തി. ഇതുകൂടാതെ കൊയിലാണ്ടി, എളേറ്റില്‍ വട്ടോളി, ഫറോക്ക്, കൂരാച്ചുണ്ട്, കണ്ണൂരിലെ മട്ടന്നൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ പ്രതികളെ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്.പീഡനം നടത്തിയ ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ ശശീന്ദ്രനെതിരായ പരാതി പിന്‍വലിക്കാനും നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീര്‍ക്കാനും സമ്മര്‍ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ജീവനക്കാര്‍ക്കെതിരായ അതിജീവിതയുടെ പരാതി. യുവതിയുടെ പരാതി പ്രകാരം അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്യുകയും താത്കാലിക ജീവനക്കാരിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു.ആറുപേരെയാണ് ഇപ്പോള്‍ സംശയിക്കുന്നതെങ്കിലും കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.യുവതിയെ പ്രവേശിപ്പിച്ച വാര്‍ഡിനു സമീപം പത്തോളം പേര്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവര്‍ യുവതിയോട് സംസാരിച്ചിട്ടില്ല. ഇവരും സഹപ്രവര്‍ത്തകനുവേണ്ടി സമ്മര്‍ദം ചെലുത്താന്‍ എത്തിയവരാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ആറ് ജീവനക്കാരും യുവതി കഴിയുന്ന വാര്‍ഡിലേക്കു പ്രവേശിക്കേണ്ട ആവശ്യമില്ലാത്തവരാണെന്നും ഇവരുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണസമിതി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി സര്‍വീസ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളവര്‍ സിപിഎം പിന്തുണയുള്ള സര്‍വീസ് സംഘടനാ അനുകൂലികളാണ്. ഇവര്‍ നടത്തിയ ഇടപെടല്‍ സംബന്ധിച്ച് പഴുതടച്ച അന്വേഷണം വേണമെന്ന ആവശ്യമാണ് മറുപക്ഷം ഉയര്‍ത്തുന്നത്.യുവതിക്ക് അനുകൂലമായും പ്രതികള്‍ക്കെതിരെയും നിലപാടെടുത്ത സീനിയര്‍ നഴ്സിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യുമെന്ന് യൂണിയന്റെ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയും നിലവിലുണ്ട്. ഇതുസംബന്ധിച്ച പരാതി രണ്ടുദിവസം മുമ്പ് പ്രിന്‍സിപ്പലിന് നല്‍കിയെങ്കിലും പോലീസിന് കൈമാറിയിട്ടില്ല..മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ എം.എം.ശശീന്ദ്രനെതിരെയുള്ള പരാതി പിന്‍വലിക്കാനും സമ്മര്‍ദം ചെലുത്താനുമാണ് 6 ജീവനക്കാരികള്‍ എത്തിയത്. യുവതി പരാതി നല്‍കിയതോടെ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തിയോ എന്നു വ്യക്തമായിട്ടില്ല എന്ന പേരിലാണ് രണ്ടാമത്തെ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുന്നത്.

പ്രതികളായ 6 പേരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. വാര്‍ഡില്‍ ചുമതലയുണ്ടായിരുന്ന ഹെഡ് നഴ്‌സ് പി.ബി.അനിതയുടെ പരാതിയിലും പ്രതികളെ കുറിച്ചു പറഞ്ഞിരുന്നു. പ്രതികളായ വി.ഷലൂജ, പ്രസീന മനോളി, പി.ഇ.ഷൈമ, ദീപ എന്നിവരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഗ്രേഡ് വണ്‍ ജീവനക്കാരിയായ ആസ്യ യുവതിയുടെ അടുത്തു പോയി സംസാരിച്ചതായി തെളിവുണ്ടെന്നും അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ നിരപരാധികളാണെന്ന് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് ആരോഗ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു. യുവതിക്ക് അനുകൂലമായി മൊഴി കൊടുത്ത ഹെഡ് നഴ്‌സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 

webdesk11: