പുതുമുഖ സംവിധായകന്‍ സകരിയ്യയുടെ ‘സുഡാനി ഫ്രം നൈജീരിയ’ സൂപ്പര്‍ ഹിറ്റായതോടെ നൈജീരിയന്‍ നടന്‍ സാമുവല്‍ അരിയോള റോബിന്‍സണും താരമായി മാറിയിരിക്കുകയാണ്. ‘സുഡാനി’ ചിത്രത്തിലെ മജീദിനും ഉമ്മമാര്‍ക്കുമൊപ്പം താരമായ റോബിന്‍സണ്‍, ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു. ‘ചന്ദ്രിക’ക്ക് അനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം..
കേരളവും നൈജീരിയയും തമ്മില്‍
എന്നെ സംബന്ധിച്ചിടത്തോളം കേരളം തീര്‍ത്തും അപരിചിതമായിരുന്നു. അതേസമയം, എന്റെ നാടായ നൈജീരിയയുമായി ഈ നാടിന് ചില കാര്യങ്ങളില്‍ സാമ്യതകളുണ്ടുതാനും.
കേരളത്തില്‍ ഞാനാദ്യം ശ്രദ്ധിച്ചത് ഇവിടുത്തെ മരങ്ങളും പച്ചപ്പുമാണ്. എന്റെ നാട്ടിലും ഇതേപോലെ നിറയെ മരങ്ങളാണ്. ഇവിടെ കൂടുതലും തെങ്ങുകളാണ് എന്ന ഒരു വ്യത്യാസം മാത്രം. കേരളത്തില്‍ എവിടെ നോക്കിയാലും മനോഹര ദൃശ്യങ്ങളാണ്. ഇവിടെ ഒരു ഫോട്ടോ എടുക്കുകയാണെങ്കില്‍, ഒരു ദ്വീപില്‍ വെച്ച് എടുത്തതാണെന്നേ തോന്നൂ; അതൊരു വിസ്മയമാണ്. കേരളം അതീവ രസകരമായ ഒരിടമായാണ് എനിക്കനുഭവപ്പെട്ടത്. ഇതുകൊണ്ടൊക്കെയാണെന്നു തോന്നുന്നു കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നു വിളിക്കുന്നത്. ഹൃദ്യവും മനോഹരവുമായ അനുഭവങ്ങളാണ് എനിക്കിവിടെ ഉണ്ടായതെല്ലാം.
കേരളീയര്‍ അതീവ ഹൃദയാലുക്കളാണ്. ഞാന്‍ കാണുകയും, ഒപ്പം ജോലി ചെയ്യുകയും ചെയ്ത എല്ലാ മനുഷ്യരും അനുകമ്പയുള്ളവരായിരുന്നു. നൈജീരിയയില്‍ അതല്ല സ്ഥിതി. കേരളത്തില്‍ തെരുവിലൂടെ നടക്കുകയാണെങ്കില്‍ ഏതെങ്കിലുമൊരു സാധനം വാങ്ങണമെന്ന് നമുക്ക് തോന്നിയാല്‍ മതി, ചോദിക്കേണ്ട താമസമേയുള്ളൂ, അതെവിടെ കിട്ടുമെന്ന് അപരിചിതര്‍ പോലും നമുക്ക് വിശദമായി പറഞ്ഞു തരും. നൈജീരിയയില്‍ ആളുകള്‍ക്ക് സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുന്നതിലാണ് താല്‍പര്യം. അവിടെ നിന്ന്, നന്നായി പിന്തുണക്കുന്ന ഒരു പരിസ്ഥിതിയിലേക്ക് വരിക എന്നത് സന്തോഷകരമാണ്.
കേരളം അല്ല നൈജീരിയ, മലയാളം പോലെയല്ല സിനിമ അവിടെ
സിനിമയോടുള്ള സമീപനത്തില്‍ കേരളവും നൈജീരിയയും തമ്മില്‍ വലിയ അന്തരമുണ്ട്. നൈജീരിയയില്‍ ഓരോ വര്‍ഷവും രണ്ടായിരത്തിലധികം സിനിമകളാണ് ഇറങ്ങുന്നത്; മിക്കതിന്റെയും നിലവാരം ദയനീയമാണ്. കേരളത്തില്‍ നിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കാറില്ലെന്നു തോന്നുന്നു. ഉദ്ദേശിച്ച ഫലം ലഭിക്കുന്നതിനു വേണ്ടി കാത്തിരിക്കാന്‍ ഇവിടുത്തുകാര്‍ തയ്യാറാണ്. ഓരോ സീനിലും ഓരോ ഷോട്ടിലും സകരിയയും സമീറുമൊക്കെ കാണിച്ച ശുഷ്‌കാന്തി തീവ്രമായിരുന്നു. എന്റെ അഭിനയ പാടവത്തെ പൂര്‍ണമായി പുറത്തെടുക്കാന്‍ അവര്‍ ഏറെ ക്ഷമകാണിച്ചു. ഉദ്ദേശിച്ച ഫലം ലഭിക്കുന്നതു വരെ വീണ്ടും വീണ്ടും ശ്രമിച്ചു. കഥാപാത്രത്തിന്റെ ഭാവം ശരിയാകാന്‍ വേണ്ടി എത്രസമയം വേണമെങ്കിലും ചെലവഴിക്കാന്‍ അവര്‍ തയ്യാറായിരുന്നു.
ഓരോ സീനിലും ഇത്രയധികം സൂക്ഷ്മതയോടെയും സമയമെടുത്തും ഞാന്‍ മറ്റൊരു പ്രൊജക്ടിലും പ്രവര്‍ത്തിച്ചിട്ടില്ല. കേരളത്തിലെ അനുഭവത്തില്‍ നിന്ന് എന്നിലെ നടന്‍ ഏറെ പഠിച്ചു.
പന്തുകളിക്ക് ഒരേ ഭാഷയാണ്
ഫുട്‌ബോളിനെ മാറ്റി നിര്‍ത്തി ആഫ്രിക്കയെ പറ്റി സംസാരിക്കാന്‍ പോലും കഴിയില്ല. നൈജീരിയയിലെ ഓരോ തെരുവിലും കുട്ടികള്‍ പന്തു കളിച്ചുകൊണ്ടിരിക്കുന്നത് എപ്പോഴും കാണാനാവും. ഓരോ മൂലയിലും ഒഴിവുള്ള ഓരോ സ്ഥലങ്ങളിലും റോഡരികിലും സദാസമയവും ഫുട്‌ബോള്‍ കളിക്കുന്നതു കാണാം. ഫുട്‌ബോള്‍ ഞങ്ങളുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സിയില്‍ കളിച്ചിരുന്ന ജോണ്‍ ഓബി മൈക്കലിനെപ്പോലെ നിരവധി ലോകോത്തര കളിക്കാര്‍ നൈജീരിയയില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്.
ഫുട്‌ബോള്‍ കളിക്കാനറിയാത്ത 0.0001 ശതമാനം നൈജീരിയക്കാരില്‍ ഒരാളാണ് ഞാനെന്ന് പറയാന്‍ എനിക്കു മടിയുണ്ട്. ഈ സിനിമക്കു വേണ്ടി ഞാന്‍ ഫുട്‌ബോള്‍ പഠിച്ചു. ഏതാനും ആഴ്ചകള്‍ ഫുട്‌ബോള്‍ പഠനം തന്നെയായിരുന്നു. അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ പഠിച്ചതോടെ പന്തു കളിക്കാമെന്ന ആത്മവിശ്വാസമായി. കേരളത്തില്‍ നിന്ന് എനിക്കു ലഭിച്ച വലിയൊരു കാര്യവും അതു തന്നെയാണ്.
ഫുട്‌ബോള്‍ ക്ലബ്ബുകളെ പറ്റിയോ കളിക്കാരെ പറ്റിയോ എനിക്ക് വലുതായൊന്നും അറിയില്ല. മെസ്സിയാണ് എന്റെ ഇഷ്ടതാരം. മെസ്സി കളിക്കുന്ന മത്സരം ടി.വിയില്‍ വരുമ്പോള്‍ അവസാനം വരെ ഇരുന്നു കാണും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഇഷ്ടമാണ്. ഫുട്‌ബോള്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ യൂട്യൂബില്‍ റൊണാള്‍ഡോയുടെ കളി ആവര്‍ത്തിച്ചു കണ്ടിരുന്നു. അദ്ദേഹത്തിന്റെ കളിയും കിക്കെടുക്കുന്ന രീതിയുമെല്ലാം അതിമനോഹരമാണ്.
മലപ്പുറത്തുകാരെ പോലെയാണ് നൈജീരിയക്കാര്‍ പന്തുകളിയെ സ്‌നേഹിക്കുന്നത്. മലപ്പുറത്തെ കാറ്റില്‍ തന്നെ ഫുട്‌ബോളിനോടുള്ള പ്രണയം അറിയാന്‍ കഴിയും. ഘാനയില്‍ നിന്ന് കേരളത്തിലേക്കു വന്ന ഫുട്‌ബോള്‍ കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെല്ലാം കേരളത്തെ സ്‌നേഹിക്കുന്നു; ഈ നാടിനെപ്പറ്റി സന്തോഷത്തോടെ സംസാരിക്കുന്നു.
കേരളത്തില്‍ വന്നു, കളി പഠിച്ചു
എന്നെ കളി പഠിപ്പിക്കുന്നതിനായി പ്രൊഡക്ഷനിലെ ആളുകളെ ചുമതലപ്പെടുത്തിയിരുന്നു. അവരോടൊപ്പം കോഴിക്കോട്ടെ ഹൈലൈറ്റ് മാളിന്റെ മുകളിലുള്ള മിനി ഫീല്‍ഡ് പോലുള്ള ടര്‍ഫിലായിരുന്നു പരിശീലനം. കഠിനമായി പരിശീലിച്ചപ്പോള്‍ മാത്രമാണ് ചെറിയ സ്‌കില്ലുകളെങ്കിലും പഠിച്ചെടുക്കാനായത്. മലപ്പുറത്തു ചെന്നപ്പോള്‍ സെവന്‍സ് ഗ്രൗണ്ടുകളിലും പരിശീലനം നടത്തിയിരുന്നു. ഇനിയൊരു ചിത്രത്തില്‍ ഫുട്‌ബോള്‍ കളിക്കേണ്ടി വന്നാല്‍ ധൈര്യസമേതം എനിക്കത് ചെയ്യാനാകുമെന്ന ആത്മവിശ്വാസമുണ്ട്.
സൗബിനാണ് താരം
ഈ ചിത്രത്തില്‍ എടുത്തു പറയേണ്ടത് സൗബിനൊപ്പമുള്ള അഭിനയമാണ്. അദ്ദേഹം മികച്ചൊരു അഭിനേതാവാണ്. കഥാപാത്രത്തിന് ക്ഷണവേഗത്തില്‍ ഭാവം നല്‍കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക വൈദഗ്ധ്യമുണ്ട്. ആഴമുള്ള റോളുകള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. വ്യക്തിപരമായി സൗബിന്‍ തമാശക്കാരനാണ്. പക്ഷേ, ക്യാമറക്കു മുന്നിലെത്തുമ്പോള്‍ മികച്ചൊരു അഭിനേതാവും.
സൗബിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു. അദ്ദേഹത്തിന് തിരിച്ചും അങ്ങനെ തന്നെ എന്നു തോന്നുന്നു. നല്ല ഒഴുക്കോടെയാണ് ഞങ്ങള്‍ അഭിനയിച്ചത്. ഞങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് എന്നറിയാത്ത ഒരു സീന്‍ പോലും ഉണ്ടായിരുന്നില്ല. നല്ലൊരു സംവിധായകന്‍ കൂടി ആയതിനാല്‍, എന്റെ പ്രകടനം മെച്ചപ്പെടുത്താനും സൗബിന്‍ സഹായിച്ചു. ഇതുവരെ കൂടെ അഭിനയിച്ചതില്‍ ഏറ്റവും മികച്ചവരിലൊരാളാണ് സൗബിനെന്ന് ഞാന്‍ പറയും.
‘സുഡാനി’ ടീമിനൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. ഒരു പ്രൊഫഷണല്‍ കൂട്ടായ്മ എന്നതിനേക്കാള്‍ കുടുംബം പോലെയായിരുന്നു ഞങ്ങള്‍. സകരിയയും ഷൈജുവും സമീറും സൗബിനുമെല്ലാം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. ഇടവേളകളില്ലാതെ ദീര്‍ഘ സമയങ്ങളില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യാറുണ്ടായിരുന്നില്ല. ഷൂട്ടിങ് നീണ്ടു പോകുന്നു എന്നു തോന്നുമ്പോള്‍ ബ്രേക്കെടുത്ത് ഞാനും സമീറും ചായയും പഴമ്പൊരിയും ദോശയും കഴിക്കും. സൗബിനുമൊത്ത് െ്രെഡവ് പോകാറുണ്ടായിരുന്നു.
സൗബിന്‍ എല്ലായ്‌പോഴും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും, നിര്‍ത്താതെ തമാശകള്‍ പറയും. ഒരിക്കല്‍ വാതിലിനു പിന്നില്‍ മറഞ്ഞു നിന്ന് ഞാന്‍ വന്നപ്പോള്‍ ചാടിവീണ് പേടിപ്പിക്കുക വരെ ചെയ്തു.
എല്ലാവരുടെയും കുടുംബങ്ങളെയും ഞാന്‍ നേരില്‍ക്കണ്ടു. കുറച്ചു ദിവസം ഷൈജുവിന്റെ വീട്ടില്‍ താമസിച്ചിരുന്നു. രുചികരമായ ഭക്ഷണവുമായി അവരെന്നെ സല്‍ക്കരിച്ചു.
ആഫ്രിക്കയിലെ ‘സുഡാനി’
‘സുഡാനി ഇന്‍ ഇന്ത്യ’ എന്നോ മറ്റോ ഉള്ള പേരില്‍ ഈ ചിത്രം ആഫ്രിക്കയില്‍ റിലീസ് ചെയ്താല്‍ വിജയിക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്. ആഫ്രിക്കന്‍ ജനതക്ക് ബോളിവുഡ് ചിത്രങ്ങള്‍ പരിചിതമാണ്. എന്റെ നാട്ടിലെ ജങ്ഷനില്‍ നിന്നാല്‍ തന്നെ ബോളിവുഡ് ഡി.വി.ഡികള്‍ വില്‍ക്കുന്ന പയ്യന്മാരെ കാണാം. നല്ല മാര്‍ക്കറ്റിങ് തന്ത്രങ്ങളുമായി റിലീസ് ചെയ്താല്‍ മലയാള ചിത്രങ്ങള്‍ക്കും വിജയ സാധ്യതയുണ്ട്.