കോഴിക്കോട്: വയനാടിനെയും ആദിവാസി ഗോത്രങ്ങളെയും കുറിച്ചുള്ള ചരിത്രപരമായ സമീപനമായിരിക്കും കരിന്തണ്ടന്‍ സിനിമയെന്ന് സംവിധായിക ലീല സന്തോഷ്. ചിത്രം അടുത്ത വര്‍ഷം പൂര്‍ത്തിയാവുന്ന തരത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂരോഗമിക്കുകയാണെന്നും പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ ലീല അറിയിച്ചു.
കരിന്തണ്ടനെ കുറിച്ച് എഴുതപ്പെട്ട ചരിത്രമില്ല. അതേസമയം വയനാടിന്റെ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള കരിന്തണ്ടന്‍ മിത്തായാണ് പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. ഇതിനുള്ള മറുപടിയായും അതോടൊപ്പം ചരിത്രമായും അവതരിപ്പിക്കുകയാണ് സിനിമയിലൂടെ ലക്ഷ്യമാക്കുന്നത്. അഞ്ചു വര്‍ഷമായുള്ള പഠനത്തിനുശേഷമാണ് കരിന്തണ്ടനെ കുറിച്ചുള്ള സിനിമക്ക് ഒരുങ്ങിയത്. നിര്‍മാണം പ്രധാന വെല്ലുവിളിയായിരുന്നു.
തനിക്കു യോജിച്ച പ്രൊഡ്യൂസറെ കാത്തിരിക്കുകയായിരുന്നു. രാജീവ് രവി ഒറ്റ ദിവസം കൊണ്ടാണ് അനുമതി നല്‍കിയത്. അദ്ദേഹത്തിന്റെ ടീം നിര്‍മാണം ഏറ്റെടുത്തത് ഈ കഥ പുറത്തെത്തിക്കണമെന്ന ആഗ്രഹത്തിലാണ്. കരിന്തണ്ടനായി വിനായകനാണ് അഭിനയിക്കുന്നത്. മറ്റുള്ള നടീ നടന്‍മാരെ തീരുമാനിച്ചുവരികയാണ്. അടുത്ത വര്‍ഷം ജൂലൈയില്‍ ചിത്രം പൂറത്തിറക്കാനുള്ള ശ്രമത്തിലാണെന്നും ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആദ്യ സംവിധായികയായ ലീല പറഞ്ഞു. കരിന്തണ്ടന്‍ ദൈവമല്ല, മനുഷ്യനാണ്. കോഴിക്കോട് ജില്ലയിലെ ചിപ്പിലിത്തോടില്‍ നിന്ന് കരിന്തണ്ടന്‍ വയനാട്ടിലെത്തിയത് എന്തിനായിരുന്നു എന്ന അന്വേഷണമാണ് സിനിമ.
ചരിത്രത്തില്‍ തിരുത്തപ്പെടേണ്ട അധ്യായമാണ് കരിന്തണ്ടന്റേത്. ബ്രിട്ടീഷുകാര്‍ക്ക് കാര്‍ഷിക വിളകള്‍ കടത്താനുള്ള വഴി കാണിച്ചു കൊടുത്തുവെന്നും അതിനുള്ള പാതയൊരുക്കിയതിന്റെ പേരില്‍ വധിക്കപ്പെട്ടുവെന്നുമാണ് ചരിത്രം. എന്നാല്‍ കരിന്തണ്ടന്‍ പുറമെയുള്ള ഇടപെടലുകളുടെ ഇരയായിരുന്നുവെന്ന് ലീല പറയുന്നു. 2014ല്‍ ഡോക്യമെന്ററികളിലൂടെയാണ് ലീല ഈ മേഖലയിലേക്കെത്തുന്നത്. കെ.ജെ ബേബിയുടെ കനവിലൂടെയാണ് ലീല പഠനം പൂര്‍ത്തിയാക്കിയത്.
വയനാടിനെയും ആദിവാസികളെയും കുറിച്ചുള്ള ചരിത്രസത്യങ്ങള്‍ പുറംലോകത്തെത്തിക്കാന്‍ സിനിമ മേഖലയില്‍ സജീവമാവുമെന്നും പണമുണ്ടാക്കുക എന്നത് ലക്ഷ്യമല്ലെന്നും ലീല പറഞ്ഞു. അതിജീവനം ചലചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി. വിപുല്‍നാഥ് സ്വാഗതവും കണ്‍വിനര്‍ എ.വി ഫര്‍ദിസ് നന്ദിയും പറഞ്ഞു.