X

അഴിമതി തന്നെയാണ് തെരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയം: ഉമ്മന്‍ചാണ്ടി

മുഖാമുഖം -കെ.പി ജലീല്‍

തിരുവനന്തപുരം: ഇടതുമുന്നണിസര്‍ക്കാരിന്റെ അഴിമതിതന്നെയാണ് തദ്ദേശതിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണവിഷയം. ജനങ്ങള്‍ സര്‍ക്കാരിനെതിരെ വിധിയെഴുതാന്‍ കാത്തിരിക്കുകയാണ്. പ്രാദേശികമായ വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാമെങ്കിലും സംസ്ഥാനസര്‍ക്കാരിനെതിരായ വിധിയെഴുത്താകും വരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്‌നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജഗതിയിലെ വസതിയില്‍ ചന്ദ്രികക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
പ്രസക്തഭാഗങ്ങള്‍:
? കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജനം വലിയ ഭൂരിപക്ഷമാണ് നല്‍കിയത്. അത് ആവര്‍ത്തിക്കപ്പെടുമോ
= തീര്‍ച്ചയായും. അന്നത്തെ വിഷയങ്ങള്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ ഇപ്പോഴും നിലനില്‍ക്കുകയാണ്. തൊഴിലില്ലായ്മ, കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്കുള്ള വിലക്കുറവ്, പൊതുവിപണിയിലെ വിലക്കയറ്റം,നോട്ടുപിന്‍വലിക്കല്‍, സാമുദായികസൗഹാര്‍ദം തകര്‍ക്കല്‍ തുടങ്ങിയവ കേന്ദ്രസര്‍ക്കാരിനെതിരായ പൊതുവികാരമാണ്. ബി.ജെ.പിക്കെതിരായി അത് പ്രതിഫലിക്കും. അതിനേക്കാള്‍ മോശമാണ് കേരളത്തിലെ ഇടതുമുന്നണിസര്‍ക്കാര്‍ ജനങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്നത്. ഈസര്‍ക്കാര്‍ അപ്പടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്.
? എവിടെയാണ് പിണറായിസര്‍ക്കാരിന് പിഴച്ചതെന്നാണ് കരുതുന്നത്.
= ഏത് വിഭാഗത്തെയാണ് ഈ സര്‍ക്കാര്‍ നിരാശരാക്കാതിരുന്നിട്ടുള്ളത്. ഈ സര്‍ക്കാര്‍ വന്നതില്‍ സന്തോഷിച്ചവര്‍പോലും ഇന്ന് കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ്. ഇവരുടെ വഴിപിഴച്ചനടപടികള്‍ പിന്‍വലിക്കണം. എല്ലാംശരിയാക്കാമെന്ന് പറഞ്ഞ് വോട്ട് വാങ്ങിയവര്‍ അഴിമതിയുടെ കയത്തിലാണ്. എല്ലാം പാഴ്‌വാക്കായി. ഇനി അധികാരംതീരാന്‍ മാസങ്ങളുള്ളപ്പോഴും വാഗ്ദാനംചെയ്തതിലെ യാതൊന്നും നടപ്പിലാക്കിയിട്ടില്ല.
? രാഷ്ട്രീയഎതിരാളികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സര്‍ക്കാരെന്ന ആരോപണത്തെക്കുറിച്ച്
= അധികാരത്തിലേറിയ ഉടന്‍ സര്‍ക്കാര്‍പറഞ്ഞത് കഴിഞ്ഞകാലത്തെ അഴിമതികളെക്കുറിച്ച് അന്വേഷണംനടത്തി കുറ്റക്കാരെ ശിക്ഷിക്കുമെന്നായിരുന്നു. എന്നിട്ടെന്തുണ്ടായി. ഇതുവരെയും വല്ലതും സ്വീകരിച്ചോ. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയല്ലേ ചെയ്യുന്നത്. പാലത്തിന്റെ 70 ശതമാനം ജോലിയേ യു.ഡി.എഫ് കാലത്ത് പൂര്‍ത്തിയാക്കിയിരുന്നുള്ളൂ. ബാക്കി നിര്‍മിച്ചത് ഈ സര്‍ക്കാരാണ്. റോഡ് ഉദ്ഘാടനം ചെയ്തതും ഈ സര്‍ക്കാരാണ്. ഉദ്ഘാടനത്തിന് മുമ്പ് പാലം ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് ആരായിരുന്നു. ഇത് സര്‍ക്കാര്‍ നിര്‍വഹിച്ചോ?പാലത്തിന്റെ ബലം പരിശോധിക്കാന്‍ ചെന്നൈയിലെ ഐ.ഐ.ടി വിദഗ്ധര്‍ വന്നു. ഹൈക്കോടതി രണ്ടുതവണ ഭാരപരിശോധന നടത്താന്‍ നിര്‍ദേശിച്ചു. എന്നിട്ട് അതിനെതിരെ ദുരുദ്ദേശ്യത്തോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീംകോടതിയില്‍ പോയി ജനങ്ങളുടെചെലവില്‍ പാലം പൊളിച്ചുപണിയുകയല്ലേ? പാലത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടവര്‍ ഇപ്പോള്‍ കുറ്റപ്പെടുത്തലും കേസും അറസ്റ്റുമായി ചെല്ലുന്നതെന്തിനാണ്.
? രാഷ്ട്രീയപ്രതിയോഗികളെ കുടുക്കി സര്‍ക്കാരിന്റെ അഴിമതിയില്‍നിന്ന് രക്ഷപ്പെടുകയാണെന്നാണോ
=യഥാര്‍ത്ഥത്തില്‍ അവര്‍ കുടുക്കുന്നത് ഇബ്രാഹിംകുഞ്ഞിനെയോ മറ്റോ അല്ല, സ്വന്തംമുന്‍നിലപാടിനെതന്നെയാണ്. ഇടതുപക്ഷമുന്നണിതന്നെയാണ് പ്രതിക്കൂട്ടിലാകുന്നത്.
? മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് ആരോപണങ്ങളധികവും.
= വളരെ മോശമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉയര്‍ന്നിരിക്കുന്നത്. കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ അത് അന്വേഷിക്കുന്നു. അന്വേഷണത്തെ സ്വാഗതംചെയ്തവര്‍തന്നെ ഇപ്പോള്‍ അന്വേഷണത്തിനെതിരെ രംഗത്തുവരുന്നത് എന്തിനാണ്. സ്വര്‍ണക്കടത്തും തലമുറയെ നശിപ്പിക്കുന്ന മയക്കുമരുന്ന് കടത്തുമൊക്കെയാണ് . രാജ്യദ്രോഹക്കുറ്റമാണ് ഒന്നാമത്തേത്.
? ഇടതുമുന്നണി വികസിപ്പിക്കുന്നതുവഴി മുന്നണിയുടെ അടിത്തറ വിപുലീകരിക്കുകയാണെന്നാണ് പറയുന്നത്
= സ്വന്തംശേഷിയില്‍ സംശയമുള്ളതുകൊണ്ടല്ലേ അത്. 2016ല്‍ നേടിയ വിജയം ഇപ്പോഴുണ്ടാകില്ലെന്ന് തുറന്നുപറയുകയല്ലേ പുതിയപാര്‍ട്ടികളെ കൂട്ടുന്നതുവഴി ചെയ്യുന്നത്. വോട്ടില്‍ വന്ന ചോര്‍ച്ചതടയാനുള്ള പരക്കംപാച്ചിലാണിപ്പോള്‍ ഇടതുമുന്നണി നടത്തുന്നത്. പ്രതിപക്ഷത്തിനെതിരായ വൈരനിര്യാതനനടപടികളും അതിന്റെ ഭാഗമാണ്. ഞങ്ങള്‍ക്കൊരു പേടിയുമില്ല. ഏത് ആരോപണത്തെ്ക്കുറിച്ചും അന്വേഷിച്ചുകൊള്ളട്ടെ. യു.ഡി.എഫിനെതിരായി അവര്‍ കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ ഒരു ആരോപണവും തെളിയിക്കാന്‍ അവര്‍ക്കായിട്ടില്ല. ഇനിയുണ്ടാകാനും പോകുന്നില്ല.
? മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയിലെയും എല്ലാം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു
= അത് അവരുടെ സംഘടനാപരമായ കാര്യമാണ്. ഏത് സ്ഥാനത്ത് ആരിരുന്നാലും ശരിയേത്, തെറ്റേതെന്ന് തിരിച്ചറിയാനുളള കഴിവ് ജനത്തിനുണ്ട്.
? മെഡിക്കല്‍ ഫീസ് വര്‍ധനയെക്കുറിച്ച്
= യു.ഡി.എഫ് കാലത്ത് നാമമാത്രമായ ഫീസ് വര്‍ധനയുണ്ടായപ്പോള്‍ സി.പി.എമ്മും ഡി.വൈ.എഫ്്.ഐയും എസ്.എഫ്.ഐയും എന്തെല്ലാം അക്രമങ്ങളാണ് കാട്ടിയത്. തീക്കളിയാണ് നടത്തിയത്. ഇന്ന് മൂന്നിരട്ടിവരെ ഫീസ് ഈടാക്കുമെന്ന് മാനേജ്‌മെന്‍ുകള്‍ പറയുമ്പോള്‍ അതിനെതിരെ ഒരുചര്‍ച്ചപോലും സര്‍ക്കാര്‍ നടത്തുന്നില്ല. അന്ന് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയത് ഓര്‍ക്കണം.
? എന്‍.എന്‍.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച്
= എല്ലാകാലത്തും എല്ലാവിധ സാമുദായികസംഘടനകളുമായും നല്ലതരത്തിലുള്ള ബന്ധം പുലര്‍ത്താനാണ് യു.ഡി.എഫ് ശ്രമിച്ചിട്ടുള്ളത്. അത് തിരഞ്ഞെടുപ്പ് നോക്കിയുള്ളതല്ല. ജനങ്ങളുടെയെല്ലാം വോട്ട് മുന്നണി സ്വീകരിക്കും. ആളുകളെ സാമുദായികമായും വര്‍ഗീയമായും ചേരിതിരിക്കുന്ന സമീപനമല്ല യു.ഡി.എഫിന്റേത്. അത് ബി.ജെ.പിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേതുമാണ്. വാളയാറില്‍ ദലിത് ബാലികമാര്‍ ദരിദ്രരായ മാതാപിതാക്കളുടെ കുടിലില്‍ അനുഭവിച്ച ക്രൂരമായപീഡനവും പ്രതികളെയും ഉദ്യോഗസ്ഥരെയും രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളും എന്തുമാത്രം വേദനാജനകമാണ്. കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത ക്രൂരതയാണ് വാളയാറില്‍ നടന്നത്. ഞാനവിടെ പോയിരുന്നു.
? നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടനം എങ്ങനെയാകും
= തദ്ദേശതിരഞ്ഞെടുപ്പില്‍ മഹാഭുരിപക്ഷം സ്ഥാനങ്ങളിലും നിയമസഭാതിരഞ്ഞെടുപ്പിലും വന്‍വിജയമാണ് യു.ഡി.എഫ്് നേടുക.
? അഖിലേന്ത്യതലത്തിലെകോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെക്കുറിച്ച്
= ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ടുപോകും.
? നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ
= (ചിരിക്കുന്നു) അതെല്ലാം പാര്‍ട്ടി പറയുന്നതനുസരിച്ച് .
രണ്ടുമൂന്നു മൊബൈല്‍ഫോണുകള്‍ നീണ്ടുവരുന്നു. മകന്‍ ചാണ്ടിഉമ്മനും ഗണ്‍മാനും ഡ്രൈവറും റെഡിയായി അടുത്തെത്തി. ഇനി കെ.പി.സി.സി ഉപസമിതിയോഗവും തിരഞ്ഞെടുപ്പ്ഓഫീസ് ഉദ്ഘാടനവും. കോവിഡ്മഹാമാരിക്കിടയിലും ശാരീരികാവശതകളും രോഗവും മറന്നുള്ള ഈ ഓട്ടപ്പാച്ചിലിനുപിന്നില്‍ ഒരുപുരുഷായുസ്സിന്റെ മുഴുവന്‍ അനുഭവപരിചയമുണ്ട്. അതുതന്നെയാണ് കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഊര്‍ജവും.

 

 

web desk 1: