തിരുവനന്തപുരം: മരിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങള്‍ നല്‍കാനും ആശ്രിത നിയമനത്തിനും സര്‍വ്വീസ് ബുക്ക് കാണാനില്ലെന്ന് തടസ്സം പറഞ്ഞ വിഷയത്തില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലില്‍ തീരുമാനം. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ വിചാരണ ചെയ്തതോടെ 23 വര്‍ഷമായി കാണാതിരുന്ന രേഖ 24 മണിക്കൂറില്‍ ലഭ്യമായി.
ഇടുക്കിയില്‍ ഡി എം ഒ ഓഫീസില്‍ നിന്നാണ് ഫയല്‍ കാണാതായത്. മലപ്പുറത്തായിരുന്നു വിചാരണ. 24 മണിക്കൂറിനകം സര്‍വ്വീസ് ബുക്ക് ഹാജരാക്കിയില്ലെങ്കില്‍ സ്വന്തം സര്‍വ്വീസ് ബുക്കില്‍ മോശം റിമാര്‍ക്ക് വരുമെന്ന് കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കീം താക്കീത് നല്കിയതോടെയാണ് ഫയല്‍ എത്തിയത്.തലസ്ഥാനത്തെ ചേംബറില്‍ കമ്മീഷണര്‍ തിരിച്ചെത്തിയപ്പോള്‍ ഇടുക്കി ഓഫീസില്‍ നിന്ന്’ സര്‍വ്വീസ് ബുക്കും ഇതര രേഖകളുമായി ഉദ്യോഗസ്ഥരും എത്തുകയായിരുന്നു.ഇടുക്കി ഡി എം ഒ ഓഫീസില്‍ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തില്‍ ഓഫീസറായിരുന്ന ജയരാജന്‍ സര്‍വ്വീസിലിരിക്കെ മരിച്ചത് 2017 ലാണ്. ജയരാജന്റെ സര്‍വ്വീസ്ബുക്ക് 2000 മേയില്‍ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലേക്ക് അയച്ചതിനു ശേഷം മടങ്ങി വന്നിട്ടില്ലെന്നായിരുന്നു ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബന്ധുക്കള്‍ നിലമ്പൂരില്‍ നിന്ന് പൈനാവിലെത്തി പരാതി പറയുകയായിരുന്നു. അവസാനം വിവരാവകാശ കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കിമിന്റെ ബഞ്ചില്‍ പരാതി എത്തുകയായിരുന്നു. കമ്മിഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടും ഡി എം ഒ ഓഫീസ് സമര്‍പ്പിച്ചില്ല. തുടര്‍ന്നായിരുന്നു തെളിവെടുപ്പ്.
2000 ജൂലൈയില്‍ തന്നെ ഏജീസ് ഓഫീസില്‍ നിന്ന് സര്‍വ്വീസ്ബുക്ക് തിരികെ അയച്ചിരുന്നതായും അത് ഇടുക്കി ഡി എം ഒ കൈപ്പറ്റിയിരുന്നതായും തെളിവെടുപ്പില്‍ വിവരാവകാശ കമ്മീഷണര്‍ കണ്ടെത്തി. 24 മണിക്കൂറിനകം അത് ഹാജരാക്കാന്‍ കമ്മിഷണര്‍ നിര്‍ദേശിച്ചു.ആനുകൂല്യങ്ങള്‍ ഉടന്‍ തിട്ടപ്പെടുത്താനും നടപടിക്രമങ്ങള്‍ പാലിച്ച് സര്‍വ്വീസ് ബുക്ക് ഹെല്‍ത്ത് ഡയറക്ടര്‍ക്ക് അയക്കാനും കമ്മീഷണര്‍ ഉത്തരവായി. ജയരാജന്റെ നിയമപ്രകാരമുള്ള അനന്തരാവകാശികള്‍ക്ക് മാത്രം വിവരങ്ങള്‍ നല്കാനും അപേക്ഷകന്‍ മൂന്നാം കക്ഷിയായതിനാല്‍ അദ്ദേഹത്തിന് വിവരങ്ങള്‍ നല്കേണ്ടതില്ലെന്നും കമ്മിഷണര്‍ ഉത്തരവില്‍ വ്യക്തമാക്കി.ഇടുക്കി ഡി എം ഒ ഓഫീസിലെ കുറ്റക്കാരായ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ആര്‍ടി ഐ നിയമം 20 (1),20(2) എന്നിവ പ്രകാരം നടപടിയെടുക്കാനും കമ്മിഷണര്‍ ഉത്തരവായി.