റൂറൽ ജില്ലയിൽ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്തർസംസ്ഥാന തൊഴിലാളി രജിസ്ട്രേഷനിൽ ഇതുവരെ കൂടുതൽ രജിസ്റ്റർ ചെയ്തത് അസമിൽ നിന്നുള്ളവർ. അസമിൽനിന്നുള്ള 33,175 അന്തർസംസ്ഥാന തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തത്. നിലവിൽ രജിസ്ട്രേഷൻ 1,10,000 കടന്ന് നടന്നുകൊണ്ടിരിക്കുകയാണ്.
രണ്ടാമത് പശ്ചിമ ബംഗാളാണ് 30,200 പേർ. ഒഡിഷയിൽനിന്ന് 18,350, ബിഹാർ 8400, യുപി 4630, ഝാർഖണ്ഡ് 2435, തമിഴ്നാട് 2686 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ചെയ്തിട്ടുള്ളവരുടെ കണക്കുകൾ. റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
ട്രെയിനിറങ്ങുന്ന സമയത്തുതന്നെ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കുന്നതിന് വളന്റിയർമാരുടെ സഹകരണത്തോടെ കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. വാർഡ് അംഗങ്ങളും കൗൺസിലർമാരും രജിസ്ടേഷൻ നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്.
തൊഴിലാളികൾക്ക് 24 മണിക്കൂറും പൊലീസുമായി ബന്ധപ്പെടാൻ ഹെൽപ് ലൈൻ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷേമത്തിന് കൂടുതൽ മെഡിക്കൽ – ബോധവത്കരണ ക്യാമ്പുകൾ നടത്താനുള്ള തയാറെടുപ്പിലാണ് റൂറൽ ജില്ല പൊലീസ്.