കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷി കോടിയേരിയെ 11 മണിക്കൂറോളം ചോദ്യം ചെയ്ത് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക് നിക്ഷേപങ്ങളും ലോക്കറില്‍ ഒരു കോടി രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ പേരും അന്വേഷണ സംഘത്തിനു മുന്നിലെത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ബിനീഷിന് ക്ലീന്‍ചീറ്റ് നല്‍കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യും.
ലോക്കറില്‍ നിന്നും കണ്ടെടുത്ത പണം യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കരാറുകളില്‍ ലഭിച്ച കമ്മിഷനാണെന്നു സ്വപ്‌ന മൊഴി നല്‍കി. ഇതിനു പിന്നാലെയാണ് കള്ളപ്പണ ഇടപാടിനെ കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയത്. യുഎഎഫ്എക്‌സ് സൊലൂഷന്‍സ് എന്ന വീസ സ്റ്റാംപിങ് സ്ഥാപനവുമായി ബിനീഷിനു ബന്ധമുണ്ടെന്ന മൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിനീഷിനെ ഇ.ഡി കൊച്ചിയിലേക്ക് വിളിപ്പിച്ചത്. യുഎഎഫ്എക്‌സ് സൊലൂഷന്‍സിന്റെ മൂന്നു നടത്തിപ്പുകാരെയും ഇഡി ഇന്നലെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
ബിനീഷിനെ വിളിച്ചു വരുത്തിയത് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റാണെങ്കിലും ചോദ്യങ്ങള്‍ഏറെയും ദേശീയ അന്വേഷണ ഏജന്‍സിക്കും (എന്‍ഐഎ) ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും വേണ്ടിയുമായിരുന്നു.
സ്വപ്‌നയുടെ കള്ളപ്പണ ഇടപാടുകള്‍, അനൂപ് മുഹമ്മദിന്റെ സംഘത്തിന്റെ കേരളത്തിലേക്കുള്ള ലഹരിക്കടത്ത്, മലയാള ചലച്ചിത്രരംഗത്തെ കള്ളപ്പണ ബന്ധങ്ങള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ചു ബിനീഷിനോട് ചോദ്യങ്ങളുണ്ടായി.
സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും ബാംഗളൂരുവില്‍ ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്നു പറഞ്ഞ ബിനീഷ്, കര്‍ണാടകയിലെ ഒരു എംഎല്‍എയുടെ പേരു പറഞ്ഞതായാണു സൂചന
യുഎഇ കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങ് കേന്ദ്രത്തിന്റെ കരാര്‍ ലഭിച്ച യുഎഎഫ്എക്‌സ് സൊലൂഷന്‍സ്, ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ കരാര്‍ ലഭിച്ച യൂണിടാക് ബില്‍ഡേഴ്‌സ് എന്നിവയുമായുള്ള ബന്ധത്തെക്കുറിച്ചും ഇഡി ചോദിച്ചു.
ബിനീഷിന്റെ കമ്പനികളായ ബി കാപ്പിറ്റല്‍ ഫിനാന്‍സ് സര്‍വീസസ്, ബിഇ കാപ്പിറ്റല്‍ ഫോറക്‌സ് ട്രേഡിങ്, ടോറസ് റെമഡീസ്, ബുള്‍സ് ഐ കോണ്‍സെപ്റ്റ്‌സ് എന്നിവയെ പറ്റിയും ഇ.ഡി ചോദിച്ചറിഞ്ഞു.