X
    Categories: CultureMoreViews

ഇന്റര്‍നെറ്റ് ഇന്ത്യയില്‍ പുതിയതല്ല; മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് നിലവിലുണ്ടായിരുന്നു: ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല: പ്രാചീന ഭാരതത്തെ കുറിച്ചുള്ള ബി.ജെ.പി നേതാക്കളുടെ അസംബന്ധ വെളിപാടുകളുടെ പട്ടികയിലേക്ക് പുതിയ സംഭാവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍. ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയില്‍ പുതിയതല്ലെന്നും മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്നുവെന്നും ബിപ്ലവ് ദേബ് കുമാര്‍ പറഞ്ഞു. മഹാരാഷ്ട്ര യുദ്ധഭൂമിയില്‍ നിന്ന് യുദ്ധത്തിന്റെ തത്സമയ വിവരണം ധൃതരാഷ്ട്രര്‍ക്ക് നല്‍കാന്‍ സഞ്ജയന് കഴിഞ്ഞ ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും ഉണ്ടായിരുന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിതരണ വകുപ്പിന്റെ പ്രാദേശിക ശില്‍പശാലയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

ഇത്തരം അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്ന രാജ്യത്ത് ജനിക്കാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ എന്നവകാശപ്പെടുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരെയാണ് അവരുടെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താന്‍ ജോലിക്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ സംസ്‌കാരത്തെ കുറിച്ച് ഇതാദ്യമല്ല ബി.ജെ.പി നേതാക്കള്‍ അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്നത്. ഐ.എസ്.ആര്‍.ഒ മിസൈലുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീരാമന്‍ ഉപയോഗിച്ച അസ്ത്രങ്ങള്‍ക്ക് സമാനമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞിരുന്നു. രാമസേതു രാമന്റെ എഞ്ജിനീയറിങ് പാടവത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: