ലോക പ്രശസ്തമായ ഇലോണ്‍ മസ്‌കിന്റെ ഏറോസ്‌പേസ് കമ്പനി സ്‌പേസ്എക്‌സ് ഇന്ത്യയിലേക്ക് വരുന്നു. എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറോസ്‌പേസ് ഇന്ത്യയിലേക്കെത്തുന്നത്. സാറ്റലൈറ്റ് ബ്രോഡ്ബാന്റ് വഴിയാണ് ഇന്റര്‍നെറ്റ് സാധ്യമാക്കുന്നത്. ഇത് സംബന്ധിച്ച അനുമതിക്കായി സ്‌പേസ്എക്‌സ് സംഘം ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്റ്റാര്‍ലിങ്കിന് ട്രായ് അനുമതി നല്‍കുകയാണെങ്കില്‍ 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം സാറ്റലൈറ്റുകള്‍ വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം ഈ നീക്കം രാജ്യത്തെ മറ്റു ടെലികോം കമ്പനികളെ ക്ഷീണിപ്പിക്കും. കേബിളോ ടവറോ ഇല്ലാതെ ഇന്റര്‍നെറ്റ് സാധ്യമാവുന്നത് ടെലികോം കമ്പനികളെ തകര്‍ക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഏറോസ്‌പേസിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന് മികച്ച വേഗതയുണ്ടെന്നാണ് വിവരം. ആഴ്ചകള്‍ക്കു മുന്‍പാണ് അമേരിക്കയില്‍ ബീറ്റ ടെസ്റ്റിങ് ആരംഭിച്ചത്. സെക്കന്‍ഡില്‍ 100 മുതല്‍ 160 വരെ മെഗാബൈറ്റ്‌സ് വേഗത ലഭിക്കുന്നുണ്ടെന്നാണ് ബീറ്റ ടെസ്റ്റര്‍മാര്‍ പറയുന്നത്. ഡിഷ് ആന്റിനകള്‍ പോലുള്ള ചെറിയ ഉപകരണങ്ങള്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ സ്ഥാപിച്ചാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക.