കഴിഞ്ഞവര്‍ഷം ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് വിഛേദിച്ചത് ഇന്ത്യയിലെന്നു യുഎസിലെ ഡിജിറ്റല്‍ അവകാശ ഗ്രൂപ്പായ ‘ആക്‌സസ് നൗ’ റിപ്പോര്‍ട്ട്. 2020 ല്‍ 29 രാജ്യങ്ങളിലായി 155 ഇന്റര്‍നെറ്റ് വിഛേദമുണ്ടായതില്‍ 109 എണ്ണവും ഇന്ത്യയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കോവിഡ് കാലത്തു ലോകം ഓണ്‍ലൈനിലേക്കു തിരിഞ്ഞപ്പോള്‍ ഇന്റര്‍നെറ്റ് തടയുന്ന സര്‍ക്കാരുകള്‍ ജനങ്ങളുടെ വിദ്യാഭ്യാസം, ബിസിനസുകള്‍, ജീവിക്കാനുള്ള അവകാശം എന്നിവയില്‍ കൈകടത്തുകയാണെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞു. പൗരത്വനിയമ പ്രക്ഷോഭം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിഛേദമുണ്ടായി. കശ്മീരില്‍ 2019 ഓഗസ്റ്റിലാരംഭിച്ച നിയന്ത്രണം കഴിഞ്ഞ മാസമാണ് അവസാനിച്ചത്.