ന്യൂഡല്‍ഹി: പൊതുതാല്‍പര്യവും രാജ്യസുരക്ഷയും മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന് അധികാരം നല്‍കുന്ന നിയമം ഒരുങ്ങുന്നു. ടെലികോം ബില്ലില്‍ ഭേദഗതി വരുത്തിയാണ് ഇതിനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കുന്നത്.
ബില്ലിന്റെ കരട് തയ്യാറായി. ഉടന്‍ കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് വരും. പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുന്‍നിര്‍ത്തിയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി വിച്ഛേദിക്കാന്‍ വ്യവസ്ഥ കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ വാദം.
അതേസമയം പുതിയ വ്യവസ്ഥ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കും. പൗരാവകാശധ്വംസനത്തിന് വഴിയൊരുക്കുമെന്നും ആശങ്കയുണ്ട്. നിയമഭേദഗതി പ്രാബല്യത്തിലായാല്‍ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം എന്നിവക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതോ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതോ ആയ സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ഇന്റര്‍നെറ്റ് സേവനം തടയാന്‍ സര്‍ക്കാരിന് കഴിയും. വ്യക്തികള്‍ക്കിടയില്‍, അല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്ന ഏതൊരു ടെലികമ്മ്യൂണിക്കേഷന്‍സ് ശൃംഖലയേയും തടയാനുള്ള വ്യവസ്ഥയാണ് കരട് ബില്ലില്‍ അടങ്ങിയിരിക്കുന്നത്.