X

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള വെള്ളിയാഴ്ച ആലപ്പുഴയിൽ ആരംഭിക്കും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള വെള്ളിയാഴ്ച മുതൽ മാര്‍ച്ച് 19 വരെ ആലപ്പുഴയിൽ നടക്കും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ കൈരളി, ശ്രീ തിയേറ്ററുകളിലായി ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാര്‍ഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

registration.iffk.in എന്ന ലിങ്ക് മുഖേന ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താം. ഓഫ് ലൈൻ രജിസ്ട്രേഷന് ആലപ്പുഴ കൈരളി തീയറ്ററിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും സജ്ജീകരിച്ച ഡെലിഗേറ്റ് കൗണ്ടറുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉദ്ഘാടന ചിത്രമായി ‘ദ ബ്ളൂ കാഫ്താന്‍’ പ്രദര്‍ശിപ്പിക്കും. അറബി ഭാഷയിലുള്ള ഈ മൊറോക്കന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നടിയും തിരക്കഥാകൃത്തുമായ മറിയം തൗസാനിയാണ്. 2022 -ലെ കാന്‍ ചലച്ചിത്രമേളയുടെ ഔദ്യോഗിക സെലക്ഷന്‍ വിഭാഗമായ അണ്‍സേട്ടന്‍ റിഗാര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മൊറോക്കോവിലെ പരമ്പരാഗത വസ്ത്രമായ കഫ്താന്‍ എന്ന നീലപ്പട്ടുടയാട തുന്നി വില്‍ക്കുന്ന മധ്യവയസ്‌കരായ ദമ്പതികളുടെ അടക്കിപ്പിടിച്ച തൃഷ്ണകളുടെ കഥയാണ് പറയുന്നത്.

സാംസ്‌കാരിക വകുപ്പിന്റെ ‘സമം’ പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ഉണ്ടാകും.

webdesk15: