ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ചെല്‍സിക്കും വന്‍ ജയങ്ങള്‍. മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തപ്പോള്‍ എവേ ഗ്രൗണ്ടില്‍ സ്‌റ്റോക്ക് സിറ്റിക്കെതിരെ ചെല്‍സി നാലു ഗോള്‍ ജയം നേടി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം ഹോട്‌സ്പര്‍, എവര്‍ട്ടന്‍ ടീമുകളും ജയം കണ്ടു.
ഇത്തിഹാദ് സ്റ്റേഡിയത്തില്‍ റഹീം സ്റ്റര്‍ലിങിന്റെ ഇരട്ട ഗോളും ലിറോയ് സാനെ, സെര്‍ജിയോ അഗ്വേറോ, ഫാബിയന്‍ ഡെല്‍ഫ് എന്നിവരുടെ ഗോളുകളുമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മികച്ച ജയമൊരുക്കിയത്. സീസണിലെ എല്ലാ മത്സരവും ജയിച്ച സിറ്റിയെ ആദ്യ പകുതിയില്‍ ഏറെക്കുറെ പ്രതിരോധിച്ചെങ്കിലും 44-ാം മിനുട്ടില്‍ ലിറോയ് സാനെ സമനിലക്കെട്ട് പൊട്ടിച്ചു. ഡേവിഡ് സില്‍വ ബോക്‌സിലേക്ക് ഉയര്‍ത്തിയ നല്‍കി പന്ത് നിയന്ത്രിച്ച് മനോഹര ഫിനിഷിലൂടെയാണ് സാനെ ലക്ഷ്യം കണ്ടത്. 51-ാം മിനുട്ടില്‍ സാനെയുടെ ക്രോസില്‍ നിന്ന് സ്റ്റര്‍ലിങ് ലീഡുയര്‍ത്തി. 59-ാം മിനുട്ടില്‍ അഗ്വേറോയുടെ പാസില്‍ നിന്ന് സ്റ്റര്‍ലിങ് വീണ്ടും ലക്ഷ്യം കണ്ടു. 79-ാം മിനുട്ടില്‍ സാനെയുടെ ക്രോസില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്ത് അഗ്വേറോ സ്‌കോര്‍ ഷീറ്റില്‍ പേരു ചേര്‍ത്തതിനു ശേഷം 89-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു നിന്നുള്ള ലോങ് റേഞ്ചര്‍ ഗോളിലൂടെ ഡെല്‍ഫ് പട്ടിക പൂര്‍ത്തിയാക്കി.
സ്റ്റോക്കിന്റെ തട്ടകത്തില്‍ അല്‍വാരോ മൊറാട്ടയുടെ ഹാട്രിക് ആയിരുന്നു ചെല്‍സിയുടെ വിജയത്തിലെ പ്രധാന സവിശേഷത. സ്വന്തം ഹാഫില്‍ നിന്ന് സെസാര്‍ അസ്പിലിക്വെറ്റ ഉയര്‍ത്തി നല്‍കിയ പന്ത് എതിര്‍ ബോക്‌സിനു പുറത്ത് സ്വീകരിച്ച മൊറാട്ട രണ്ടാം മിനുട്ടില്‍ തന്നെ അക്കൗണ്ട് തുറന്നു. 30-ാം മിനുട്ടില്‍ പ്രതിരോധപ്പിഴവ് മുതലെടുത്ത് കരുത്തുറ്റ വോളിയിലൂടെ പെഡ്രോ റോഡ്രിഗ്വസ് ലീഡുയര്‍ത്തി. 78-ാം മിനുട്ടില്‍ മധ്യവരക്കടുത്തു നിന്ന് തിമു ബകയോകോയുടെ പാസ് സ്വീകരിച്ച് ഒറ്റക്കു മുന്നേറി തന്റെ രണ്ടാം ഗോള്‍ നേടിയ മൊറാട്ട 82-ാം മിനുട്ടില്‍ അസ്പിലിക്വെറ്റ പോസ്റ്റിനു കുറുകെ ചെസ്റ്റ് ചെയ്തു നല്‍കിയ പന്ത് വലയിലേക്ക് തള്ളി മൊറാട്ട പട്ടിക പൂര്‍ത്തിയാക്കി.
സതാംപ്ടണനെതിരെ റൊമേലു ലുകാകു നേടിയ ഏക ഗോളിലായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജയം. 20-ാം മിനുട്ടില്‍ ആഷ്‌ലി യങ് നല്‍കിയ ക്രോസില്‍ നിന്നുള്ള ഹെഡ്ഡര്‍ സതാംപ്ടണ്‍ കീപ്പര്‍ തടഞ്ഞിട്ടെങ്കിലും ലുകാകു റീബൗണ്ടില്‍ നിന്ന് ലക്ഷ്യം കണ്ടു.
വെസ്റ്റ്ഹാം യുനൈറ്റഡിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ടോട്ടനം ഹോട്‌സ്പര്‍ ഹാരി കെയ്‌ന്റെ ഇരട്ട ഗോളിലാണ് രണ്ടിനെതിരെ മൂന്നു ഗോളിന് ജയിച്ചത്. 34, 38 മിനുട്ടുകളില്‍ കെയ്‌നും 60-ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ എറിക്‌സണും സന്ദര്‍ശകര്‍ക്കു വേണ്ടി ഗോള്‍ നേയിപ്പോള്‍ 65-ാം മിനുട്ടില്‍ ഹവിയര്‍ ഹെര്‍ണാണ്ടസും 87-ാം മിനുട്ടില്‍ ഷെയ്കു കുയാറ്റെയും ഗോളുകള്‍ മടക്കി. 70-ാം മിനുട്ടില്‍ സെര്‍ജി ഓറിയര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് മടങ്ങിയതിനു ശേഷം പത്തുപേരുമായാണ് ടോട്ടനം കളി പൂര്‍ത്തിയാക്കിയത്.
സ്വന്തം തട്ടകത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു എ.എഫ്.സി ബേണ്‍മത്തിനെതിരെ എവര്‍ട്ടന്റെ ജയം. 49-ാം മിനുട്ടില്‍ ജോഷ്വ കിങ് സന്ദര്‍ശകര്‍ക്ക് ലീഡ് നല്‍കിയെങ്കിലും 77, 82 മിനുട്ടുകളില്‍ ഉമര്‍ നിയാസ് നീലപ്പടയുടെ നില സുരക്ഷിതമാക്കി. വാറ്റ്‌ഫോഡ് ഒന്നിനെതിരെ രണ്ടു ഗോളിന് സ്വാന്‍സീ സിറ്റിയെ വീഴ്ത്തിയപ്പോള്‍ ബേണ്‍ലിയും ഹഡേഴ്‌സ്ഫീല്‍ഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ആറ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് പ്രീമിയര്‍ ലീഗില്‍ ലീഡ് ചെയ്യുന്നത്. അത്രതന്നെ പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. 13 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ചെല്‍സിക്കു പിന്നാലെ ടോട്ടനം, വാറ്റ്‌ഫോഡ് ടീമുകള്‍ 11 പോയിന്റുമായി നില്‍ക്കുന്നു.