X

പാക് സൈന്യത്തിന്റെ തിരിച്ചടി; 39 ഭീകരര്‍ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്താനില്‍ ആരാധനാലയത്തിനു നേര്‍ക്കുണ്ടായ തീവ്രവാദ ആക്രമണത്തിനു പിന്നാലെ സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലില്‍ 39 ഭീകരര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ പിടിയിലായി. സൂഫി ആരാധനാലയമായ ലാല്‍ ഷഹ്ബാസ് ഖലന്ദറിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് രാജ്യത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരര്‍ക്കായി പരിശോധന നടത്തിയത്. തീവ്രവാദ വിരുദ്ധ റെയ്ഡുകളില്‍ 39 ഭീകരരെ വധിച്ചു.

വ്യാഴാഴ്ച സൂഫി ആരാധനാലയത്തിലുണ്ടായ ഐഎസ് ചാവേര്‍ ആക്രമണത്തില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. 250 പേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമത്തെ തുടര്‍ന്നു പാകിസ്താന്‍ സുരക്ഷാ സേന ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സിന്ധ് പ്രവിശ്യയില്‍ രാത്രി മുഴുവന്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ 18 ഭീകരരെ വധിച്ചുവെന്നു പാക് റേഞ്ചേഴ്‌സ് അറിയിച്ചു. കത്തൂരില്‍ സൂപ്പര്‍ ഹൈവേയില്‍ അര്‍ധസൈനികരുടെ വാഹനവ്യൂഹത്തിനുനേരെ നടത്തിയ ആക്രമണത്തിനിടെ ഏഴു ഭീകരരെയും വധിച്ചു.

ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ രക്ഷാപ്രവര്‍ത്തനത്തിനുശേഷം മടങ്ങിവരികയായിരുന്ന സൈനികരെയാണു ഭീകരര്‍ ആക്രമിച്ചത്. അക്രമത്തില്‍ ഒരു പാക് സൈനികനു പരുക്കേറ്റു.
കറാച്ചിയില്‍ നടത്തിയ റെയ്ഡില്‍ 12 ഭീകരരും കൊല്ലപ്പെട്ടുവെന്നു പാക്ക് റേഞ്ചേഴ്‌സ് അറിയിച്ചു. പെഷവാറില്‍ നടന്ന അക്രമത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഓരക്കസ് ട്രൈബര്‍ പ്രവിശ്യയില്‍ നടത്തിയ തിരച്ചിലില്‍ നാല് ഭീകരരും സംഘര്‍ഷം നിറഞ്ഞ ബാനു മേഖലയില്‍ മറ്റു നാല് ഭീകരരെയും സൈന്യം കൊലപ്പെടുത്തി. ഇവിടെ സൈന്യത്തിന് നേരെ തീവ്രവാദികള്‍ ശക്തമായ വെടിവയ്പ്പു നടത്തിയിരുന്നു. ഭീകരരില്‍ നിന്നു ആയുധങ്ങള്‍ പിടികൂടി.

വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ച ആയുധശേഖരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ബലൂചിസ്ഥാനിലെ പ്രധാന കേന്ദ്രമായ ക്വയ്ദയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പ് നടന്നു. പോരാട്ടത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോദയയില്‍ നടന്ന സൈനിക ഇടപെടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
നൂറുകണക്കിനു വിശ്വാസികള്‍ രാത്രി സൂഫി ആചാരപ്രകാരമുള്ള ആരാധനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ സ്‌ഫോടനം. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന എട്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്.

പാകിസ്താനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്നു പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ സുരക്ഷാ യോഗം ചേര്‍ന്നിരുന്നു. ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകുന്നവരെ വരുതിയിലാക്കണമെന്നായിരുന്നു യോഗത്തിലെ തീരുമാനം. ഇതിനു പിന്നാലെയാണു സുരക്ഷാസേന ഭീകരരെ ലക്ഷ്യമിട്ടു റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദ ആക്രമത്തെ തുടര്‍ന്നു അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ സൈന്യവും സര്‍ക്കാരും നടപടികള്‍ സ്വീകരിക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പാകിസ്താന്‍-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ശക്തമായ സൈനിക നടപടികളാണ് നടക്കുന്നത്. ഭീകരരുമായി ശക്തമായ പോരാട്ടം നടന്നുവെന്നും ടോര്‍ക്കം അതിര്‍ത്തി അടച്ചതായും വക്താവ് വ്യക്തമാക്കി. ഇതിനിടെ ലാല്‍ ഷഹ്ബാസ് ഖലന്ദറിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അക്രമം നടന്ന ആരാധനാലയം പൊലീസ് പൂട്ടി സീല്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

chandrika: