X

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രഭാവം നഷ്ടപ്പെട്ട് മോദി

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രഭാവം നഷ്ടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നിലവിലെ ഭരണം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മോദിയുടെ ഭരണം നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തുന്നത്. ബി.ബി.സി റിപ്പോര്‍ട്ടര്‍ സൗത്തിക് ബിശ്വാസ് ഈ ആഴ്ച്ചയില്‍ എഴുതിയ ലേഖനത്തില്‍ പ്രൗഢി നഷ്ടപ്പെട്ട മോദിയെ വരച്ചുകാണിക്കുന്നു.

2014-ല്‍ അധികാരത്തിലേറുന്നതിന് മുമ്പ് രാജ്യത്തെ നോക്കി മോദി പറഞ്ഞതെല്ലാം ഒരു പുറംകാഴ്ച്ചക്കാരന്റെ മനോഭാവത്തോടെയായിരുന്നു. രാജ്യത്തിന്റെ പിന്നോക്ക സാമ്പത്തികാവസ്ഥയേയും തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തേയുമെല്ലാം പുറത്തുനിന്ന് കൊണ്ട് മോദി വിമര്‍ശിച്ചു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാമെന്ന ഉറപ്പോടെ അതിഗംഭീര വിജയത്തിനുശേഷം 2014-ല്‍ അധികാരത്തിലേറി. പക്ഷേ, ഉറപ്പുനല്‍കിയതൊന്നും പാലിക്കാന്‍ മോദിക്കായില്ല. മാത്രവുമല്ല, രാജ്യത്തെ സാമ്പത്തികാവസ്ഥ കുത്തനെ നിലംപതിക്കുകയുമായിരുന്നു. തൊഴില്‍ ദാരിദ്ര്യം പിടിമുറിക്കി നീങ്ങുന്ന സാമ്പത്തികാവസ്ഥയുടെ നട്ടെല്ലൊടിച്ചത് നവംബര്‍ 8ന് നടത്തിയ നോട്ട് നിരോധനമായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ബാങ്കുകളിലെ കുന്നുകൂടി കിടക്കുന്ന ലോണുകള്‍ സാമ്പത്തിക നഷ്ടവും ആഭ്യന്തര നിക്ഷേപത്തേയും കാര്യമായി ബാധിക്കുകയാണെന്നും രാജ്യത്തെ സാമ്പത്തികാവസ്ഥ നിലതെറ്റിയിരിക്കുകയാണെന്നും സാമ്പത്തിക വിദഗ്ധന്‍ പ്രവീണ്‍ ചക്രവതി പറഞ്ഞതായാണ് ബി.ബി.സി റിപ്പോര്‍ട്ട്. മോദിയുടെ രാഷ്ട്രീയപരമായ നീക്കമായിരുന്നു കള്ളപ്പണം നിരോധിക്കാനെന്ന പേരില്‍ മൊത്തം പണവും പിന്‍വലിച്ചത്. എന്നാല്‍ ഇത് സാമ്പത്തികാസ്ഥയെ നിലംപരിശാക്കിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരൊറ്റ നികുതി വ്യവസ്ഥ എന്ന പേരില്‍ ജി.എസ്.ടി കൊണ്ടുവന്നതും കച്ചവടക്കാരെ മോശം രീതിയില്‍ ബാധിച്ചുതുടങ്ങിയിരിക്കുകയാണെന്നുമുള്ള വിലയിരുത്തലിലാണ് മാധ്യമങ്ങള്‍.

സാമ്പത്തികാവസ്ഥ തകര്‍ന്നുവെന്ന് ബി.ജെ.പിയുടെ നേതാവ് യശ്വന്ത് സിന്‍ഹയാണ് പരസ്യമായി പറഞ്ഞത്. ഇത് സര്‍ക്കാരിനേറ്റ കനത്ത ആഘാതമാണ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിയുടെ അപ്രതീക്ഷിത വളര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതും സര്‍ക്കാരിന് തിരിച്ചടിയായെന്നും വിലയിരുത്തപ്പെടുന്നു. യുവാക്കളുടെ വോട്ടില്‍ ലഭിച്ച വിജയത്തില്‍ അധികാരത്തിലേറിയ മോദിക്ക് ഡല്‍ഹി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റികള്‍ നഷ്ടമായി. സാമൂഹ്യമാധ്യമങ്ങളിലെ തീപ്പൊരിയായിരുന്ന മോദിക്കിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങള്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംഘരാഷ്ട്രീയവും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ മോദിയുടെ പ്രഭാവം കെടുത്തുന്നു.

chandrika: