X

രാജ്യാന്തര ചലച്ചിത്രോല്‍സവം ഡിസംബര്‍ ഒന്‍പതു മുതല്‍; 185 ചിത്രങ്ങള്‍ ,15 തിയേറ്ററുകള്‍,17 വിഭാഗങ്ങള്‍

27-ാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരത്ത് തിരി തെളിയും.എട്ടു ദിവസത്തെ മേളയില്‍ഇത്തവണ 15 തിയേറ്ററുകളിലായി 185 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത് . പതിനായിരത്തോളം പ്രതിനിധികള്‍ക്കാണ് ഇത്തവണ മേളയില്‍ പ്രവേശനം അനുവദിക്കുന്നത് .

ലോക സിനിമയില്‍ നിശ്ശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂര്‍വചിത്രങ്ങളും യുദ്ധവും ജീവിതത്തിന്റെ അതിജീവനവും പ്രമേയമാക്കിയ സെര്‍ബിയന്‍ ചിത്രങ്ങളുമാണ് മേളയുടെ മുഖ്യ ആകര്‍ഷണം.സെര്‍ബിയയില്‍ നിന്നുള്ള ആറു ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം,ക്ലാസിക്കുകളുടെ വീണ്ടെടുപ്പ് , ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ ,കണ്‍ട്രി ഫോക്കസ് ,ഹോമേജ് തുടങ്ങി 17 വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. എഫ് ഡബ്ലിയൂ മുര്‍ണോ,എമിര്‍ കുസ്റ്റുറിക്ക ,ബേലാ താര്‍ ,അലഹാന്ദ്രോ ഹോഡറോവ്‌സ്‌കി, പോള്‍ ഷ്രെഡര്‍ എന്നിവരുടെ ചിത്രങ്ങള്‍ അടങ്ങിയ പ്രത്യേക പാക്കേജുകള്‍, സൈലന്റ് ഫിലിംസ് വിത്ത് ലൈവ് മ്യൂസിക് എന്നിവയും ഇത്തവണത്തെ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .

സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ സെര്‍ബിയന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാര്‍ദ് , ടി പി രാജീവന്‍ തുടങ്ങിയവര്‍ക്ക് മേളയില്‍ ആദരമര്‍പ്പിക്കും. ലോകപ്രസിദ്ധ സംവിധായകരായ ഹോംഗ് സാങ്സു ,ബഹ്മാന്‍ ഗൊബാഡി,ഹിറോഖാസു കൊറീദ,ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹി,കൊറിയന്‍ സംവിധായകന്‍ കിം-കി-ഡുക്ക് തുടങ്ങിയവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും .സിനിമാക്കാഴ്ചകള്‍ക്കൊപ്പം സംഗീത നിശകള്‍ക്കും വേദിയൊരുക്കുന്ന ചലച്ചിത്ര മേള ഡിസംബര്‍ 16 നു സമാപിക്കും

Test User: